മോസ്‌കോ: യുഎന്‍ സെക്യൂരുറ്റി കൗണ്‍സില്‍ അടിയന്തരം യോഗം ചേരും. യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് യോഗം. കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ സ്വാതന്ത്ര്യം റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ അംഗീകരിക്കുകയും അവിടെ സമാധാനം നിലനിർത്താൻ റഷ്യൻ സൈന്യത്തിന് ഉത്തരവിടുകയും ചെയ്‌തതിന് പിന്നാലെയാണ് അടിയന്തര യോഗം ചേരാന്‍ തീരുമാനമായത്.
യുക്രൈൻ, അമേരിക്ക, മറ്റ് ആറ് രാജ്യങ്ങൾ എന്നിവയുടെ അഭ്യർഥന പ്രകാരമാണ് കൂടിക്കാഴ്‌ച. ന്യൂയോര്‍ക്ക് സമയം രാത്രി 9 മണിക്കാണ് നിലവിൽ റൊട്ടേറ്റിങ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന റഷ്യ യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുടിന്‍റെ പ്രവർത്തനങ്ങൾ യുക്രൈന്‍റെ പരമാധികാരവും പ്രാദേശിക സമഗ്രതയും, യുഎൻ ചാർട്ടറും, 2014 ലെ യുഎൻ അസംബ്ലി പ്രമേയവും ലംഘിക്കുന്നതിനാലാണ് അടിയന്തര യോഗം ചേരുന്നതെന്ന് യുക്രൈനിയന്‍ യുഎൻ അംബാസഡർ സെർജി കിസ്‌ലിറ്റ്‌സ് തന്‍റെ റഷ്യൻ പ്രതിനിധിക്ക് അയച്ച കത്തിൽ പറയുന്നു.
റഷ്യക്ക് വീറ്റോ അധികാരമുള്ളതിനാൽ സുരക്ഷാ കൗൺസിൽ പ്രസ്‌താവനകൾ പുറപ്പെടുവിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പാണ്.