ന്യൂയോര്‍ക്ക്: യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്‌ട്ര സഭ. വൻതോതില്‍ പൗരന്മാരും നൂറുകണക്കിന് വീടുകളും സ്‌കൂളുകളും ആശുപത്രികളുമടങ്ങുന്ന കെട്ടിടങ്ങള്‍ യുദ്ധത്തില്‍ തകര്‍ന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളക്കം നശിപ്പിച്ചതില്‍ അന്വേഷണം നടത്തണം, റഷ്യ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും യു.എൻ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ളോ, വ്യാഴാഴ്‌ച നടന്ന സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
യുദ്ധം ആരംഭിച്ചത് ഫെബ്രുവരി 24നാണ്. മാർച്ച് 15 വരെയുള്ള കാലയളവില്‍ 1,900 ആളുകള്‍ക്ക് അപകടം സംഭവിച്ചു. ഇതിൽ 52 കുട്ടികൾ ഉൾപ്പെടെ 726 പേർ കൊല്ലപ്പെടുകയും 1,174 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. യഥാർഥ സംഖ്യ ഇതിനേക്കാള്‍ കൂടുതലാണ്. യുദ്ധം തുടരുകയാണെങ്കിൽ, യുക്രൈനിലെ ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന് യു.എൻ വികസന ഏജൻസിയായ യു.എന്‍.ഡി.പിയെ ഉദ്ദരിച്ച് അവര്‍ പറഞ്ഞു.
'പലായനത്തില്‍ 90 ശതമാനവും സ്‌ത്രീകളും കുട്ടികളും'
രാജ്യത്തെ പതിറ്റാണ്ടുകളോളം പിന്നോട്ട് നയിക്കുകയും ആഴത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ മുറിവുകളുണ്ടക്കുകയും ചെയ്യുമെന്നും റോസ്‌മേരി ഡികാര്‍ളോ ചൂണ്ടിക്കാട്ടി. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർഥികളിൽ 90 ശതമാനവും സ്‌ത്രീകളും കുട്ടികളുമാണെന്ന് യു.എൻ അഭയാർഥി ഹൈക്കമ്മീഷണര്‍ റൗഫ് മസൂ പറഞ്ഞു.
അതേസമയം, നടന്നുകൊണ്ടിരിക്കുന്ന യുദ്ധം യുക്രൈനിലെ കൊവിഡ് മഹാമാരിയുടെ ആഘാതം വർധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. അഞ്ചാംപനി, ന്യുമോണിയ, പോളിയോ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഖാർകിവിൽ സ്‌കൂളിന് നേരെ റഷ്യൻ ബേംബാക്രമണം; 21 മരണം