ഷെമിഷല്‍ (പോളണ്ട്) : രാജ്യത്ത് കടന്നുകയറി റഷ്യ ആക്രമണം കടുപ്പിക്കുമ്പോള്‍ ജീവനും കൊണ്ട് കൂട്ടപ്പലായനം ചെയ്‌ത് യുക്രൈന്‍ ജനത. അയല്‍ രാജ്യമായ പോളണ്ടില്‍ അഭയം തേടാനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്. ഇതില്‍ കൂടുതലും സ്‌ത്രീകളും കുട്ടികളും വയോധികരുമാണ്. പതിനെട്ടിനും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് രാജ്യം വിടുന്നതിന് പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'സ്വന്തം മക്കളുമായി യാത്ര ചെയ്‌താല്‍ പോലും ഒരു പുരുഷനും യുക്രൈന്‍ അതിർത്തി കടക്കാൻ കഴിയില്ല, ഒരു കുഞ്ഞാണ് ഒപ്പമുള്ളതെങ്കില്‍ പോലും' അതിർത്തിയിൽ എത്തുന്നതിന് മുമ്പ് യുക്രൈന്‍ ട്രെയിനിൽ നിന്ന് പുരുഷന്മാരെ വലിച്ചിഴച്ച സംഭവം ഓര്‍ത്തെടുത്ത് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പോളണ്ടിലെ ഷെമിഷലിലെത്തിയ സ്‌ത്രീ വികാരാധീനയായി.
യുക്രൈനിലെ ഉസ്‌ഹൊറദില്‍ നിന്ന് ഹംഗറിയിലെ സാഹ്‌നിയിലെത്തിയ 68 കാരിയായ വിൽമ സുഗർ 47കാരനായ തന്‍റെ മകനെ സ്റ്റേഷനില്‍ തടഞ്ഞത് വിവരിച്ചു. 'ഇപ്പോഴും വിറമാറിയിട്ടില്ല, എനിയ്ക്ക് സമാധാനിക്കാന്‍ കഴിയുന്നില്ല. ഞങ്ങൾ അതിർത്തി കടന്നെങ്കിലും അവർ അവനെ ഞങ്ങളോടൊപ്പം വരാൻ അനുവദിച്ചില്ല. അവനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ലൈന്‍ (നെറ്റ്‌വര്‍ക്ക്) മോശമായതിനാൽ ബുദ്ധിമുട്ടാണ്' - വില്‍മ സുഗർ പറയുന്നു.
'പുരുഷന്മാരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കാൻ പോലും അനുവദിച്ചില്ല. സ്‌ത്രീകള്‍ ട്രെയിനിൽ കയറി, ഒപ്പമുണ്ടായിരുന്ന പുരുഷന്മാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു' - വില്‍മ സുഗറിനൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്ന എർസെബെറ്റ് കോവാക്‌സ് പറഞ്ഞു.
ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്‌തതായി റിപ്പോര്‍ട്ട്
യുഎൻ അഭയാർഥി ഏജൻസിയായ യുഎന്‍എച്ച്സിആര്‍ നൽകുന്ന വിവരം അനുസരിച്ച്, ഒരു ലക്ഷത്തിലധികം യുക്രൈൻ പൗരർ പലായനം ചെയ്‌തതായും ആയിരക്കണക്കിന് ആളുകൾ തൊട്ടടുത്തുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം രൂക്ഷമാകുകയാണെങ്കിൽ 4 ദശലക്ഷം ആളുകൾക്ക് പലായനം ചെയ്യേണ്ടിവരുമെന്നാണ് യുഎന്‍ പറയുന്നത്.
പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, മോൾഡോവ എന്നീ രാജ്യങ്ങളാണ് പ്രധാനമായും യുക്രൈനില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നത്. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പാർപ്പിടവും ഭക്ഷണവും നിയമസഹായവും നൽകുന്നുണ്ട്. കൊവിഡ് പരിശോധന ഉള്‍പ്പടെയുള്ള അതിർത്തി നടപടിക്രമങ്ങളും പോളണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. യുക്രൈന് സൈനിക സഹായം നല്‍കുന്ന ഹംഗറി, അവിടെ നിന്ന് എത്തുന്ന എല്ലാ ആളുകള്‍ക്കും സംരക്ഷണം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Also read: പ്രതിഷേധ ചിത്രങ്ങള്‍: തിരിച്ചടിയല്ല, പ്രതിരോധമാണ്: റഷ്യൻ അധിനിവേശത്തിനെതിരെ
നിലവിലെ സംഘർഷം മൂലം യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന എല്ലാ ആളുകളെയും യൂറോപ്യൻ യൂണിയൻ ഏറ്റെടുക്കുമെന്ന് ജർമന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. 'ഈ ദിവസം വരാതിരിക്കാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്‌തു. എന്നാല്‍ മനുഷ്യ ജീവനെതിരെ റഷ്യൻ പ്രസിഡന്‍റ് യുദ്ധം തെരഞ്ഞെടുത്തതോടെ ഈ ദിവസം സമാഗതമായിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ പലായനം ചെയ്യുന്ന എല്ലാ ആളുകളെയും ഞങ്ങൾ ഏറ്റെടുക്കുന്നത്' - അന്നലീന ബെയർബോക്ക് വിശദീകരിച്ചു.
കീവില്‍ നിന്നും മറ്റ് യുക്രൈന്‍ നഗരങ്ങളിൽ നിന്നും ആളുകള്‍ കൂടുതലും യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളുടെ അതിർത്തികളിലേക്കാണ് പോകുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി വെള്ളിയാഴ്‌ച പാർലമെന്‍റില്‍ പറഞ്ഞു. 'അയൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഭയാർഥികളുടെ വലിയ ഒഴുക്ക് സങ്കൽപ്പിക്കാൻ കഴിയും. നാം കാണുന്ന ചിത്രങ്ങൾ - ബങ്കറുകളിലും സബ്‌വേകളിലും ഒളിക്കാൻ നിർബന്ധിതരായ നിരായുധരായ പൗരരുടെ ചിത്രങ്ങൾ - ഭയാനകവും യൂറോപ്യൻ ചരിത്രത്തിലെ ഇരുണ്ട നാളുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതുമാണ്' മരിയോ ഡ്രാഗി പറഞ്ഞു.