കീവ്: റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 16 ആയെന്ന് യുക്രൈൻ പ്രസിഡന്‍റ്. 45 കുട്ടികൾക്ക് ഇതുവരെ പരിക്കേറ്റെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി വ്യക്തമാക്കി.
റഷ്യ യുക്രൈനിൽ നടത്തുന്ന ആക്രമണങ്ങൾ അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും കൂടുതൽ അടുക്കാൻ തങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് സെലെൻസ്‌കി തിങ്കളാഴ്‌ച പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. റഷ്യയുടെ മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ പ്രശംസിച്ച യുക്രൈൻ പ്രസിഡന്‍റ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ കറൻസിയുടെ മൂല്യം കുറച്ചുവെന്നും പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാനുള്ള ദ്രുത പാത ഒരുക്കണമെന്നും സെലെൻസ്‌കി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
"യുക്രൈൻ പ്രതിരോധത്തിടെ 4,500ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. തോക്കുകൾ താഴെവച്ച ശേഷം സൈനികരോട് യുക്രൈനിൽ നിന്ന് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾക്ക് ഉത്തരവ് നൽകുന്നയാളെ (കമാൻഡര്‍മാരെ) വിശ്വസിക്കരുത്. പ്രചരണങ്ങളെ വിശ്വസിക്കരുത്. നിങ്ങളുടെ ജീവൻ സുരക്ഷിതമാക്കൂ." സെലെൻസ്‌കി പറഞ്ഞു.
യുക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അടിയന്തര ചർച്ച നടത്താൻ യുഎന്നിന്‍റെ മനുഷ്യാവകാശ സംഘടന തീരുമാനിച്ചു.