ലണ്ടൻ: യുകെക്ക് ആശ്വാസം. കഴിഞ്ഞ വർഷത്തിനു ശേഷം ആദ്യമായി പുതിയ പ്രതിദിന കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ രാജ്യം. ജൂലൈ 30ന് ശേഷം ആദ്യമായാണ് രാജ്യത്ത് 24 മണിക്കൂറിനിടയിൽ കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത്.
ഇന്ത്യയിൽ ആദ്യമായി കണ്ടുപിടിക്കുകയും ബ്രിട്ടനിലെ ഭൂരിഭാഗം കേസുകൾക്കും കാരണമാകുകയും ചെയ്ത ഡെൽറ്റ വകഭേദത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് രാജ്യത്തിന് ആശ്വാസമായി പുതിയ നേട്ടം.
എന്നാൽ ആഴ്ചകൾക്ക് ശേഷം കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. ചൊവ്വാഴ്ച 3165 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 4.5 ദശലക്ഷമായി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പുതിയ കൊവിഡ് കേസുകൾ 31.9 ശതമാനം വർധിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Also Read: അരുൺ കുമാർ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
അതേസമയം, പുതിയ കൊറോണ വകഭേദത്തിന്‍റെ വ്യാപനത്തെ നിയന്ത്രിക്കുന്നതിനായി രാജ്യത്തെ വാക്സിനേഷൻ വേഗത്തിലാക്കി ബ്രിട്ടീഷ് ആരോഗ്യ അധികൃതർ. കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്ന ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൺ. ബ്രിട്ടീഷ് ജനതയുടെ മുതിർന്നവരിൽ മുക്കാൽ ഭാഗവും ആദ്യ ഡോസും പകുതിയോളം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ലഘൂകരിക്കുനന്തിന് മുന്നോടിയായി കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകണമെന്ന് ചൂണ്ടിക്കാട്ടി ജൂൺ 21ന് നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതികൾ താൽക്കാലികമായി ഉപേക്ഷിക്കണമെന്ന് പല വിദഗ്ധരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കാലതാമസമുണ്ടോയെന്ന് ജൂൺ 14ന് പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങളുള്ള യൂറോപ്യൻ രാജ്യമാണ് യുകെ. രാജ്യത്ത് ആകെ 127,782 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.