സ്റ്റോക്ക്ഹോം : 2021ലെ വൈദ്യശാസ്‌ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ട് രണ്ട് അമേരിക്കൻ ശാസ്‌ത്രജ്ഞര്‍. മനുഷ്യ ശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ(റിസപ്ടറുകൾ) കണ്ടെത്തിയ ബയോകെമിസ്റ്റുമാരായ ഡേവിഡ് ജൂലിയസ്, ആർഡം പറ്റപോഷിയൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്.
വേദനയ്ക്കും ഹൃദ്രോഗത്തിനുമുള്ള ചികിത്സയ്ക്കുള്ള പുതിയ വഴികളിലേക്ക് നയിച്ചേക്കാവുന്ന കണ്ടുപിടിത്തത്തിനാണ് അംഗീകാരം. കണ്ണ്, ചെവി,ചർമ്മം തുടങ്ങിയവയുടെ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള കഴിവുകൾക്ക് കാരണമാകുന്ന സ്വീകരണികൾ ആണ് ഇരുവരും പ്രത്യേകം കണ്ടെത്തിയത്.
മുളകിലെ സജീവ ഘടകമായ കാപ്‌സൈസിൻ ആണ് ചൂടിനോട് പ്രതികരിക്കുന്ന നാഡീ സെൻസറുകൾ തിരിച്ചറിയാൻ ജൂലിയസ് ഉപയോഗിച്ചത്. മെക്കാനിക്കൽ ഉത്തേജനങ്ങളോട് പ്രതികരിക്കുന്ന കോശങ്ങളിൽ കാണപ്പെടുന്ന സ്‌പർശനങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന സെൻസറുകളാണ് പറ്റപോഷിയൻ കണ്ടെത്തിയത്.
Also Read: അതിജീവനത്തിന്‍റെ പുതുവഴി ; മലയാളം ആംഗ്യലിപി രൂപപ്പെടുത്തി നിഷ്
വളരെ പ്രധാനപ്പെട്ടതും ആഴത്തിലുള്ളതുമായ കണ്ടെത്തലാണിവയെന്നും നിലനിൽപ്പിന് വളരെ നിർണായകമായതാണെന്നും വിജയികളെ പ്രഖ്യാപിക്കവെ നൊബേൽ കമ്മിറ്റി സെക്രട്ടറി ജനറൽ തോമസ് പേൾമാൻ പറഞ്ഞു.
നമ്മുടെ ചുറ്റുപാടിനെ നമുക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്ന മനുഷ്യകുലം അഭിമുഖീകരിക്കുന്ന വലിയ നിഗൂഢതയിലേക്കാണ് അവരുടെ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതെന്ന് നൊബേൽ കമ്മിറ്റി നിരീക്ഷിച്ചു.
ന്യൂയോർക്കിൽ ജനിച്ച ജൂലിയസ്(65) നിലവിൽ സാൻഫ്രാൻസിസ്കോയിലെ കാലിഫോണിയ സർവകലാശാലയിലെ പ്രൊഫസറാണ്. 1967 ൽ ലബനനിലെ ബെയ്‌റൂട്ടിൽ ജനിച്ച പറ്റപോഷിയൻ നിലവിൽ കാലിഫോർണിയയിലെ ലാ ഹോലയിലെ സ്ക്രിപ്പ്സ് റിസർച്ചിൽ പ്രൊഫസറാണ്.
10 ലക്ഷം ഡോളർ(7.2 കോടി രൂപ) സമ്മാനത്തുക ഇരുവരും പങ്കിടും.