ജനീവ: ലോകാരോഗ്യ സംഘടനയെയും ആഗോള ആരോഗ്യ സുരക്ഷ മേഖലയെയും ശക്തിപ്പെടുത്തുന്നതിന് ലോകത്തിന് ഒരു മഹാമാരി ഉടമ്പടി ആവശ്യമാണെന്ന് കൊവിഡ് -19 തെളിയിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡാറ്റ, വിവരങ്ങൾ, സാങ്കേതികവിദ്യകൾ, മാർഗങ്ങൾ എന്നിവയുടെ പങ്കുവയ്ക്കലിന്‍റെ അഭാവമാണ് മഹാമാരിയുടെ നിർവചിക്കപ്പെട്ട സ്വഭാവം എന്നും ഗെബ്രിയേസസ് കൂട്ടിച്ചേർത്തു. മെയ് 24 മുതൽ ചൊവ്വാഴ്‌ച വരെ ഓൺലൈനിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ 74-ാമത് ലോകാരോഗ്യ അസംബ്ലിയുടെ (ഡബ്ല്യുഎച്ച്എ) സമാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടമ്പടി പരസ്‌പരമുള്ള പങ്കിടൽ, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവയെ പരിപോഷിപ്പിക്കും. ആഗോള ആരോഗ്യ സുരക്ഷയ്ക്കായി മറ്റ് സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ശക്തമായ അടിത്തറ നൽകുകയും ചെയ്യും. ഈ മഹാമാരി നമുക്കെല്ലാവർക്കും ഒരു ഭീഷണിയാണ്. അതിനാൽ ആരോഗ്യകരവും സുരക്ഷിതവും മികച്ചതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് നാമെല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഗെബ്രിയേസസ് പറഞ്ഞു. നിലവിൽ വൈറസ് ബാധയ്‌ക്ക് ലോകാരോഗ്യസംഘടനയേക്കാൾ വലിയ ശക്തിയുണ്ട്. അവ ദിനംപ്രതി നിയന്ത്രണാതീതമായി വർധിച്ചുവരുന്നുവെന്നും ലോകജനതയുടെ അസമത്വങ്ങളും ഭിന്നതകളും തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകജനതയുടെ സുരക്ഷയ്ക്ക് സർക്കാരുകളെ മാത്രം ആശ്രയിക്കാൻ കഴിയില്ല. മറിച്ച് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിക്കൊപ്പം കൂടുതൽ വിഭവങ്ങളും അധികാരവും ആവശ്യമാണെന്നും ഗെബ്രിയേസസ് വ്യക്തമക്കി. അതേസമയം ആഗോള തലത്തിൽ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും ഇടിവ് പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിനെന്ന് ഐസിഎംആര്‍