കീവ് : യുദ്ധ ഭീഷണി നിലനില്‍ക്കെ ഉക്രെയ്‌ന്‍ - റഷ്യ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികളാണ് യുക്രൈനെതിരെ ആക്രമണം നടത്തുന്നത്. ഇതോടെ ആയിരങ്ങളാണ് കിഴക്കന്‍ ഉക്രെയ്‌നില്‍ നിന്നും പാലായനം ചെയ്യുന്നത്. ഇതോടെ മേഖലയില്‍ റഷ്യന്‍ അധിനിവേശത്തിനുള്ള സാധ്യത കൂടി.
അതിനിടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് യുക്രൈനില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 150,000 റഷ്യൻ സൈനികരും യുദ്ധവിമാനങ്ങളും സൈനിക ഉപകരണങ്ങളും റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. അതിനിടെ ഭീതി വര്‍ധിപ്പിച്ച് ബെലാറസിൽ റഷ്യ ശനിയാഴ്ച ആണവ അഭ്യാസങ്ങൾ നടത്തുകയും കരിങ്കടലിന്‍റെ തീരത്ത് നാവിക പരിശീലനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
റഷ്യ മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുന്നു
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യ മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യമുണ്ടായാല്‍ ഉപരോധം അടക്കമുള്ള സൈനിക നടപടികളിലേക്ക് ലോക രാജ്യങ്ങള്‍ നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അറിയിച്ചു. ഉക്രെയ്‌ന്‍ സമാധാനത്തിനായി നയതന്ത്ര പാത പിന്‍തുടരുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read: റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് യു.എസ്; റഷ്യയെ ഒറ്റപ്പെടുത്താൻ ബൈഡൻ
വിമതരുടെ നിയന്ത്രണത്തിലുള്ള യുക്രൈൻ പ്രദേശത്തെ 700,000 പൗരന്മാര്‍ക്ക് റഷ്യ പാസ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തങ്ങളുടെ പൗരന്മാര്‍ക്ക് വംശനാശ ഭീഷണി നേരിടുന്നു എന്ന് വിശേഷിപ്പിച്ചാണ് ഇതിനെ റഷ്യ ന്യായീകരിച്ചത്.
യുദ്ധ സാധ്യത മുന്നില്‍ കണ്ട് ജർമനിയും ഓസ്ട്രിയയും തങ്ങളുടെ പൗരന്മാരോട് യുക്രൈനില്‍ നിന്നും തിരിച്ച് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ജർമന്‍ വിമാന കമ്പനിയായ ലുഫ്താൻസ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കും കരിങ്കടൽ തുറമുഖമായ ഒഡേസയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി. തങ്ങളുടെ ജീവനക്കാരെ കീവിലെ ഓഫിസില്‍ നിന്നും മറ്റുന്നതായി നാറ്റോയുടെ ലെയ്‌സൺ ഓഫിസ് അറിയിച്ചു.
യുദ്ധം ഉറപ്പെന്ന് ആവര്‍ത്തിച്ച് അമേരിക്ക
ശനിയാഴ്ച യുക്രൈനില്‍ ആക്രണം നടത്താന്‍ റഷ്യ തയ്യാറായിരുന്നു എന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ശനിയാഴ്ച പറഞ്ഞു. അതിനിടെ വരും ദിവസങ്ങളിൽ യുക്രൈൻ തലസ്ഥാനം ആക്രമിക്കാന്‍ പുടിന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പരാമര്‍ശിച്ചു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് അദ്ദേഹത്തിന് വിവരങ്ങള്‍ നല്‍കിയത്. റഷ്യന്‍ സേന ഉക്രെയ്‌ന്‍ അതിര്‍ത്തിയോട് 40 മുതല്‍ 50 ശതമാനം വരെ അടുത്ത് എത്തിയതായി അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാഴ്ചയായി സൈനിക നീക്കം നടക്കുകയാണെന്നും ആക്രമണം ഉറപ്പാണെന്നും സൈനിക കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
സന്ധി സംഭാഷണങ്ങള്‍ക്കൊരുങ്ങി ലോക രാജ്യങ്ങള്‍
അതിനിടെ യുദ്ധം ഒഴിവാക്കാന്‍ പുടിനുമായി സമാധാന സംഭാഷണങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അമേരിക്കൻ, റഷ്യൻ പ്രതിരോധ മേധാവികൾ വെള്ളിയാഴ്ച സംസാരിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുടിനുമായി ഫോണില്‍ സംസാരിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും അടുത്തയാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തും.