കീവ്: യുക്രൈനിലെ തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ രണ്ട് ഇടനാഴികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡൊനെറ്റ്സ്‌കിലെ വിഘടനവാദി സംഘം അറിയിച്ചു. ഇടനാഴികളിൽ ബുധനാഴ്‌ച വരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിഘടനവാദി സൈന്യത്തിന്‍റെ വക്താവ് എഡ്വേർഡ് ബസുറിൻ പറഞ്ഞു.
എന്നാൽ അസോവ് തുറമുഖത്ത് വലിയ ആക്രമണം ഉണ്ടായേക്കാം എന്നതിന്‍റെ സൂചനയാണിതെന്നാണ് റിപ്പോർട്ടുകൾ. യുക്രൈന്‍റെ തന്ത്രപ്രധാന വ്യവസായിക കേന്ദ്രമായ മരിയുപോൾ പിടിച്ചെടുക്കുക എന്നത് റഷ്യയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. മരിയുപോൾ പിടിച്ചെടുക്കുന്നതിലൂടെ ക്രിമിയയ്ക്കും റഷ്യൻ മെയിൻലാൻഡിനുമിടയിൽ ഒരു ഇടനാഴി സൃഷ്‌ടിക്കുകയെന്നാതാണ് റഷ്യയുടെ ലക്ഷ്യം.
ALSO READ: യുക്രൈനില്‍ റഷ്യൻ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥി കൊല്ലപ്പെട്ടു
അതേസമയം യുക്രൈന്‍റെ തലസ്ഥാനമായ കീവിനെ റഷ്യൻ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ടുകൾ. കീവിന് സമീപം ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും റഷ്യ ഷെല്ലാക്രമണം നടത്തി. കൂടാതെ കേഴ്‌സൻ നഗരം റഷ്യ പൂർണമായും കീഴടക്കിക്കഴിഞ്ഞു. നഗരത്തിലേക്കുള്ള വഴികളിലെല്ലാം റഷ്യ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.