വത്തിക്കാൻ സിറ്റി : യുക്രൈനിൽ കുട്ടികൾക്കും സാധാരണ ജനങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങളെയും കൊലപാതകങ്ങളെയും അപലപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. നഗരങ്ങൾ സെമിത്തേരികളായി മാറുന്നതിന് മുൻപ് യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. യുക്രൈനിലെ സായുധ ആക്രമണങ്ങൾക്ക് തന്ത്രപരമായ കാരണങ്ങളൊന്നുമില്ലെന്നും മാർപാപ്പ പറഞ്ഞു.
സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ 25000 ആളുകളെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമര്‍ശം. കന്യാമറിയത്തിന്‍റെ പേരുള്ള തെക്കൻ യുക്രൈൻ നഗരമായ മരിയുപോൾ യുദ്ധത്തിന്‍റെ ഫലമായി രക്തസാക്ഷി നഗരമായി മാറിയിരിക്കുന്നു. സ്‌ഫോടനങ്ങളും മറ്റ് ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും മാനുഷിക ഇടനാഴികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും ഫ്രാൻസിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.