മരിയുപോൾ : യുക്രൈന്‍ സൈനിക കേന്ദ്രത്തിന് നേരെ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോളണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നതെന്ന് മുതിര്‍ന്ന റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു.
യുക്രൈനിലേക്ക് സൈനിക സാമഗ്രികള്‍ കടത്തുന്നതിന് വിദേശ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന് എതിരായുള്ള മോസ്കോയുടെ മുന്നറിയിപ്പാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെവീവ്, മാക്സിം കോസിറ്റ്സ്‌കൈ, എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. യവോറിവിലെ സൈനിക കേന്ദ്രത്തിന് നേരെ 30 ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചു.
ലെവീവ് നഗരത്തില്‍ നിന്ന് 30 കിലോമീറ്റർ (19 മൈൽ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന നഗരത്തിന് നേരെയായിരുന്നു ആക്രമണം. യുക്രൈന്‍ പോളണ്ട് അതിർത്തിയിൽ നിന്ന് 35 കിലോമീറ്ററും മാത്രമാണ് ആക്രമണം നടന്ന പ്രദേശത്തേക്കുള്ള ദൂരം. യുക്രൈനിയൻ സൈനികരെ പരിശീലിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സും നാറ്റോയും ഇന്റർനാഷണൽ പീസ് കീപ്പിംഗ് ആൻഡ് സെക്യൂരിറ്റി സെന്റർ എന്ന പേരില്‍ പ്രദേശത്തേക്ക് പരിശീലകരെ അയക്കുന്നുണ്ട്.
Also Read: യുക്രൈന് കൂടുതല്‍ സഹായവുമായി യുഎസ്; 200 മില്യൺ ഡോളർ അനുവദിച്ചു
അതിനാല്‍ തന്നെ പ്രദേശത്ത് നാറ്റോ സൈനിക അഭ്യാസം നടക്കുന്നുണ്ട്. ഇവാനോ-ഫ്രാങ്കിവ്സ്ക് വിമാനത്താവളത്തിന് നേരെയും റഷ്യൻ അനുകൂലികള്‍ വെടിയുതിർത്തു. സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നും 250 കിലോമീറ്റര്‍ മാത്രമാണ് ഈ നഗരത്തിലേക്കുള്ള ദൂരം. പ്രദേശത്ത് പരിഭ്രാന്തിയും ഭയവും വിതയ്ക്കുകയാണ് ലക്ഷ്യമെന്ന് മേയർ റസ്ലാൻ മാർട്സിങ്കിവ് പറഞ്ഞു.
തെക്ക് മാരിയുപോളിനെ തകർത്ത് റഷ്യന്‍ മുന്നേറ്റം
ശനിയാഴ്ച, റഷ്യ യുക്രൈയ്‌നിലുടനീളം ബോംബാക്രണം നടത്തിയിട്ടുണ്ട്. തെക്ക് മാരിയുപോളിനെ തകർത്തു. തലസ്ഥാനമായ കൈവിന്റെ പ്രാന്തപ്രദേശത്ത് ഷെല്ലാക്രമണം നടത്തി. അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകളുടെ ശ്രമങ്ങളെ റഷ്യന്‍ സേന തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. 430,000ല്‍ ഏറെ സാധാരണക്കാരാണ് തുറമുഖ നഗരമായ മരിയുപോളില്‍ ഉണ്ടായിരുന്നത്.
ഇവിടെയാണ് റഷ്യന്‍ സൈന്യം ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. യുദ്ധക്കെടുത്തിയില്‍പ്പെട്ടുപോയവര്‍ക്ക് നല്‍കാനായി കൊണ്ടുവന്ന ഭക്ഷണമോ മരുന്നോ അവിടേക്ക് എത്തിക്കാന്‍ സൈനിക ആക്രമണം കാരണം കഴിയുന്നില്ലെന്നും ആരോപണമുണ്ട്. മറിയുപോളിൽ 1,500-ലധികം ആളുകൾ മരിച്ചു. മരിച്ചവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യാനുള്ള ശ്രമങ്ങളെ പോലും ആക്രമണം തടസപ്പെടുത്തിയെന്നും മേയറുടെ ഓഫിസ് പ്രതികരിച്ചു.
വെടിനിര്‍ത്തല്‍ കരാറിനായി നടത്തിയ അവസാന ശ്രമവം ഫലം കണ്ടില്ല
അതിനിടെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അവസാനത്തെ യോഗവും ഫലം കണ്ടില്ല. യുക്രൈന് ധനസഹായമായി 200 യു.എസ് ഡോറര്‍ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ആയുധങ്ങള്‍ വാങ്ങുന്നതിനായാണ് ഈ തുക അനുവദിച്ചത്.
ഇതിന് പിന്നാലെ ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യൻ ഉപ വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് രംഗത്ത് എത്തി. യുക്രൈന് ഏതെങ്കിലും തരത്തില്‍ സൈനിക സഹായമോ ആയുധ സഹായമോ നല്‍കാന്‍ ശ്രമിച്ചാല്‍ അത്തരം ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയെ തുരത്തുമെന്ന് ആവര്‍ത്തിച്ച് സെലന്‍സ്‌കി
യുക്രൈനെ വിഭജിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. മരിയുപ്പോളിലെ മെയറെ തട്ടിക്കോണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുക വഴി തീവ്രവാദത്തിന്‍റെ പുതിയ മുഖം തുറക്കുകയാണ് റഷ്യ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മള്‍ ഒരു പരീക്ഷണ ഘട്ടത്തിലാണുള്ളത്. രാജ്യത്ത് എത്തിയ ശക്തികളെ തുരത്താന്‍ നമുക്ക് ശക്തി ആവശ്യമാണ്. രാജ്യത്തെ തുണ്ടമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്'- സെലന്‍സ്കി പ്രതികരിച്ചു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്ന ഒരു സംഘത്തെ റഷ്യന്‍ സൈനികര്‍ തടഞ്ഞുവയ്ക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി യുക്രൈന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. തന്ത്രപ്രധാനമായ തുറമുഖത്തില്‍ ഉപരോധം ശക്തമാക്കി റഷ്യൻ സൈന്യം മാരിയുപോളിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങൾ പിടിച്ചെടുത്തതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. മരിയുപോളും അസോവ് കടലിലെ മറ്റ് തുറമുഖങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്ത് കഴിഞ്ഞു. 2014 ൽ യുക്രൈയ്‌നില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയിലേക്ക് ഒരു ലാൻഡ് കോറിഡോർ സ്ഥാപിക്കാൻ റഷ്യക്ക് ഇതോടെ കഴിയും.
മരിയുപോളിലെ ഒമ്പത് നിലയുള്ള കെട്ടിടത്തിന് നേരെ സൈനികര്‍ ടാങ്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതായി മരിയുപോളിലെ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് അനസ്താസിയ എരാഷോവ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് നേരെ സൈനികര്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ഇടുപ്പിൽ വെടിയേറ്റ ഒരു തൊഴിലാളി രക്ഷപ്പെട്ടു. ആശുപത്രിയിലെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ഈ ആശുപത്രിയില്‍ മാത്രമാണ് വൈദ്യുതി ഉള്ളത്. അതിനാല്‍ തന്നെ രക്ഷപ്പെട്ട എല്ലാവരും ആശുപത്രിയിലെ ഹാളില്‍ ഇരിക്കുകയാണ്. പരിക്കേറ്റ ആരോഗ്യ പ്രവര്‍ത്തകയുടെ സഹോദരനും കുട്ടിയും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യന്‍ ആക്രമണം
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് റഷ്യൻ സൈന്യം കുറഞ്ഞത് രണ്ട് ഡസൻ ആശുപത്രികളിലും മെഡിക്കൽ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ യുക്രൈനിയൻ പോരാളികൾക്കെതിരെ റഷ്യൻ സൈന്യം പ്രതീക്ഷിച്ചതിലും കടുത്ത രീതിയിലാണ് ആക്രണം നടത്തുന്നത്.
എന്നിരുന്നാലും, റഷ്യയുടെ ശക്തമായ സൈന്യത്തെ യുക്രൈനിയൻ സേനയെ തകർക്കുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നുണ്ട്. കുറഞ്ഞത് 79 യുക്രൈനിയൻ കുട്ടികൾ ഉൾപ്പടെ നിരവധി സാധാരണക്കാരും ഇരുവശത്തുമുള്ള ആയിരക്കണക്കിന് സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.
അഭയാര്‍ഥികളായത് ലക്ഷങ്ങള്‍
ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയുടെ കണക്കനുസരിച്ച് കുറഞ്ഞത് 2.5 ദശലക്ഷം ആളുകളെങ്കിലും രാജ്യം വിട്ടു. വടക്കൻ നഗരമായ ചെർനിഹിവിൽ നിന്നുള്ള നഴ്‌സായ എലീന യുർചുക് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും പാലായനം ചെയ്തു. അവളുടെ കൗമാരക്കാരനായ മകൻ നികിതയ്‌ക്കൊപ്പമാണ് വീടും നഗരവും വിട്ടിറങ്ങിയത്.
ശനിയാഴ്ച റൊമാനിയൻ റെയിൽവേ സ്റ്റേഷനിലെത്തി. വീട് ഇപ്പോഴുമുണ്ടോ എന്ന് അറിയില്ല. ഞങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പോകുകയാണ്. ഞങ്ങൾക്ക് തിരികെ പോകാൻ ഒരിടവുമില്ല. ജർമനിയിൽ ജോലി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ, വിധവയായ യുർചുക്ക് (44) പറഞ്ഞു.