യുക്രൈനില്‍ വ്യോമാക്രമണത്തോടെ യുദ്ധം ആരംഭിച്ച് റഷ്യ. തങ്ങള്‍ സാമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധമല്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചിട്ടും റഷ്യ ആക്രമണം നടത്തുകയായിരുന്നു.
യുക്രൈനിന്‍റെ വിമത പ്രദേശങ്ങളിലേക്ക് റഷ്യ സൈന്യത്തെ ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ലോക രാജ്യങ്ങള്‍ ഇരു ചേരികളിലുമായി നിലയിറപ്പിച്ചു. യുക്രൈനിലെ വിമത മേഖലയ്ക്ക് പുറമെ റഷ്യയ്ക്ക് പിന്തുണയുമായി ചൈനയും പാകിസ്ഥാനുമാണ് പ്രത്യക്ഷത്തിലുള്ളത്. ലോകത്തിലെ മറ്റു രാജ്യങ്ങളെല്ലാം റഷ്യയുടെ അധിവേശത്തിനെതിരെയോ നിഷ്‌പക്ഷമോ ആയ നിലപാടോ ആണ് സ്വീകരിച്ചിരിക്കുന്നത്.
എന്തുക്കൊണ്ട് യുദ്ധം
ഭൂമിശാസ്ത്രപരമായി നാറ്റോയുടെ കിഴക്കൻ യൂറോപ്പിലൂടെ റഷ്യയിലേക്കുള്ള കടന്നുകയറ്റ പാതയാണ് യുക്രൈൻ. കിഴക്കൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ, യുക്രൈൻ നാറ്റോയിൽ ചേരുന്നത്, റഷ്യയുടെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ്. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ, മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ യുക്രൈയിനിൽ കേന്ദ്രീകരിക്കുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.
ചരിത്രപരമായും സാംസ്‌കാരികപരമായും യുക്രൈൻ തങ്ങളുടെ ഭാഗമാണെന്നാണ് റഷ്യയുടെ വാദം. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന സ്വാധീനവും സുരക്ഷയുമാണ് യുക്രൈൻ പടയൊരുക്കത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. യുക്രൈൻ ഒരിക്കലും നാറ്റോയുടെ അംഗമാകരുതെന്നും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളായ പോളണ്ടിലും റുമേനിയയിലും റഷ്യയെ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്ന മിസൈൽ ഉൾപ്പടെയുള്ള സൈനിക സന്നാഹങ്ങൾ പിൻവലിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. പുടിൻ വിഭാവനം ചെയ്യുന്ന റഷ്യൻ സുരക്ഷ, യുക്രൈനെ വരുതിയിലാക്കുന്നതോടോ സാധ്യമാകും.
ഇമ്രാൻ ഖാൻ റഷ്യയില്‍
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ (23.02.2022) റഷ്യയിലെത്തി. പര്യടനത്തിന്‍റെ ഭാഗമായി പുടിനുമായി ഇമ്രാൻ ഖാന്‍ മോസ്കോയിൽ വച്ച് ചർച്ച നടത്തും. 23 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. രണ്ട് ദിവസമാണ് ഇമ്രാൻ ഖാന്‍റെ റഷ്യൻ പര്യടനം.
റഷ്യയോട് സഹായം അഭ്യര്‍ഥിച്ച് വിമതര്‍
ഡൊണെസ്‌കില്‍ യുക്രൈനിൽ നിന്നുള്ള പ്രകോപനം നേരിടാൻ സൈനിക വിന്യാസം കൂട്ടിയതായും ഇതിനായി റഷ്യൻ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വിമത നേതാവ് ഡെന്നിസ് പുഷ്‌ലിൻ പറഞ്ഞു. 93,000 പേർക്ക് റഷ്യ അഭയം നൽകിയിട്ടുണ്ട്.
വിമതരെ സഹായിക്കാനെന്ന പേരില്‍ യുക്രൈനില്‍ റഷ്യ സൈനിക നടപടിയാരംഭിച്ചു. ഇന്ത്യൻ സമയം 8.30 ഓടെയാണ് (24.02.2022) റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലെ ആറിടത്ത് റഷ്യ വ്യോമാക്രമണം തുടങ്ങി.
കൂടിക്കാഴ്‌ച റദ്ദാക്കി വൈറ്റ് ഹൗസ്
ഈ ആഴ്‌ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു. റഷ്യയുടെ നീക്കം യുക്രൈനിന്‍റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും യുക്രൈനിന്‍റെ ഭൂമി ശാസ്ത്രപരമായ അതിരുകൾ മാറില്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
ഉപരോധവുമായി ലോകരാജ്യങ്ങൾ
അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധം കൂടുതൽ രാജ്യങ്ങളിലേക്ക്. യൂറോപ്യൻ യൂണിയൻ, ജര്‍മനി, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യൻ വികസന ബാങ്കായ വെബടക്കമുള്ളവയ്ക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം റദ്ദാക്കുകയാണെന്ന് ബൈഡൻ അറിയിച്ചു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും റഷ്യയ്‌ക്കെതിരായ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് കാനഡ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി. കിഴക്കൻ യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളിൽ നിക്ഷേപം നടത്തുന്നതിനും നിരോധനമുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ഉപരോധം പ്രഖ്യാപിച്ചു. നിരവധി റഷ്യൻ പ്രമുഖർക്ക് വിസാവിലക്ക് ഏർപ്പെടുത്തുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ബാങ്കിങ്, ഗതാഗത, ഊർജ, എണ്ണ, വാതക, ടെലി കമ്യൂണിക്കേഷൻ മേഖലകളെയെല്ലാം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയുടെ ഉപരോധം. ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഉപരോധം പ്രഖ്യാപിച്ചത്.
ജര്‍മനിയുടെ കടുത്ത നടപടി
റഷ്യയിൽ നിന്നുള്ള തന്ത്രപ്രധാനമായ നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കുന്നതായി ജർമനി പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലേക്ക് റഷ്യയിൽ നിന്ന് പ്രകൃതി വാതകം എത്തിക്കുന്നതിനായി നിർമിച്ചതാണ് 760 മൈൽ നീളമുള്ള നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ. 11 ബില്യൺ ഡോളർ ചെലവിൽ അഞ്ച് വർഷം കൊണ്ടാണ് ഈ പൈപ്പ് ലൈൻ പൂർത്തിയാക്കിയത്.
ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ച ഈ ഗ്യാസ് പൈപ്പ് ലൈൻ വഴി യുക്രൈയിനെയും പോളണ്ടിനെയും ആശ്രയിക്കാതെ റഷ്യയിൽ നിന്ന് പ്രകൃതി വാതകം ജർമനിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായ പൈപ്പ് ലൈനിലൂടെ വാതക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. യുക്രൈയിനെ ആക്രമിച്ചാൽ പദ്ധതി മുടങ്ങുമെന്ന് ജർമനി നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് ഇതിനായി ജർമനിയ്ക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. പദ്ധതി മുടങ്ങുന്നത് റഷ്യയ്ക്ക് സാമ്പത്തികമായി കനത്ത തിരിച്ചടിയാകും.
വിട്ടുവീഴ്‌ചയില്ലെന്ന് വ്ളാദിമർ പുടിൻ
റഷ്യയുടെ താത്പര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്‌ചയില്ലെന്ന് ആവർത്തിച്ച് പ്രസിഡന്‍റ് വ്ളാദിമർ പുടിൻ. റഷ്യയ്ക്ക് മേൽ ഉപരോധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് പുടിന്‍റെ പ്രതികരണം. റഷ്യ എല്ലായ്പ്പോഴും തുറന്നതും സത്യസന്ധവുമായ ചർച്ചകൾക്ക് തയാറായിരുന്നുവെന്നും തന്‍റെ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞു.
യുക്രൈനില്‍ വീണ്ടും സൈബർ ആക്രമണം
യുക്രൈന് നേരെ വീണ്ടും സൈബർ ആക്രമണം. യുക്രൈനിലെ സർക്കാർ സ്ഥാപനങ്ങളും പാർലമെന്‍റ്, വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റും പ്രവർത്തനരഹിതമായവയിൽ ഉൾപ്പെടുന്നു. ഏതാനും ബാങ്കുകളുടെ വെബ്സൈറ്റുകൾക്ക് നേരെയും സൈബർ ആക്രമണം നടന്നിട്ടുണ്ട്. പ്രാദേശിക സമയം, ചൊവ്വാഴ്‌ച (22.02.2022) വൈകീട്ട് 4 മണിയോടെയാണ് വെബ്സൈറ്റുകൾ പ്രവർത്തനരഹിതമാകാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യാക്കാരെ ഒഴിപ്പിക്കല്‍ ഊര്‍ജിതം
യുക്രൈനിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി വിദേശകാര്യമന്ത്രാലയം. മെഡിക്കൽ സർവകലാശാലകളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നതിന് ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
യുക്രൈനിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ വിമാന കമ്പനികളോട് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി (24.02.2022) ഡല്‍ഹിയില്‍ എത്തും. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിങ് 787 വിമാനമാണിത്.
ഒഴിപ്പിക്കൽ ദൗത്യത്തിന്‍റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത വിമാനം ശനിയാഴ്ച്ചയാണ് (26.02.2022) എത്തുന്നത്. കീവിലെ ബോറിസ്‌പില്‍ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഡല്‍ഹിയിലെത്തിയത്.
Also read: യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ