കീവ്: യുക്രൈനിന്‍റെ തലസ്ഥാനത്തിന് അടുത്തേക്ക് റഷ്യ അതിന്‍റെ അധിനിവേശം വ്യാപിപ്പിച്ചു. പ്രധാന നഗരങ്ങളിലും യുക്രൈന്‍ സൈനികത്താവളങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തി. മൂന്ന് ദിക്കുകളില്‍ നിന്ന് സൈനികര്‍ പീരങ്കികളും മറ്റ് മാരക ആയുധങ്ങളുമായി യുക്രൈനില്‍ കടന്നിരിക്കുകയാണ്.
റഷ്യയുടെ ഈ അധിനിവേശം ശീത യുദ്ധത്തിന് ശേഷമുള്ള ലോക സുരക്ഷ ക്രമത്തെ തന്നെ മാറ്റി മറിക്കാന്‍ പോകുന്നതാണ്. യുക്രൈന്‍ റഷ്യ സംഘര്‍ഷം ചര്‍ച്ചചെയ്യാനായി പശ്ചാത്യ നേതാക്കള്‍ അടിയന്തര യോഗം ചേരാനിരിക്കെയാണ് ഇന്ന്(25.02.2022) നേരം പുലരുന്നതിന് മുമ്പായി യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടനം ശബ്ദം കേള്‍ക്കുന്നത്. യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്‌കി അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഏത് തരത്തിലുള്ള സ്ഫോടനമാണ് കീവില്‍ ഉണ്ടായതെന്ന് നിലവില്‍ വ്യക്തമല്ല.
എന്നാല്‍ യുക്രൈനിലെ ഏറ്റവും വലിയ നഗരം കൂടിയായ കീവിനെ റഷ്യ ലക്ഷ്യമിട്ടുണ്ട് എന്ന സൂചനകള്‍ നിലനിന്ന സാഹചര്യത്തിലാണ് കീവില്‍ സ്ഫോടനം ഉണ്ടായത്. ഇന്നലത്തെ സംഘര്‍ഷത്തില്‍ നൂറിലധികം യുക്രൈന്‍കാരാണ് കൊല്ലപ്പെട്ടത്.
യുക്രൈനിലെ സര്‍ക്കാരിനെ അട്ടിമറിക്കാനായി റഷ്യൻ സംഘം കീവില്‍ കടന്നിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് പറഞ്ഞു. ഇതിനോട് യോജിച്ച് യുഎസ് വിദേകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കണും പ്രസ്താവന നടത്തി. പാവ സര്‍ക്കാരിനെ യുക്രൈനില്‍ അവരോധിക്കാനായി കീവിനെ റഷ്യ വളയാനുള്ള സാധ്യത ഏറെയാണെന്നാണ് ബ്ലിങ്കന്‍റെ പ്രസ്താവന.
ബെലാറസില്‍ നിന്ന് പ്രവേശിച്ച റഷ്യയുടെ സൈന്യം കീവില്‍ നിന്ന് 20 മൈല്‍ അകലെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമര്‍ശനവും ഉപരോധവും നേരിട്ടിട്ടുകൂടി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍ ഉത്തരവിട്ട ഈ ആക്രമണം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കരയുദ്ധമായി മാറിയിരിക്കുകയാണ്. ഇന്നലത്തെ ആക്രമണത്തില്‍ യുക്രൈനിലുടനീളമുള്ള നഗരങ്ങളിലും സൈനികത്താവളങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടം നടന്ന ചെര്‍ണോബ് ആണവനിലയത്തിന്‍റെ നിയന്ത്രണം യുക്രൈനിന് നഷ്ടമായി. ആണവ അപകടത്തെ തുടര്‍ന്ന് ചെര്‍ണോബ് ആണവ നിലയം ഡീ കമ്മീഷന്‍ ചെയ്തതാണ്. യുക്രൈനിലെ പല സ്ഥലങ്ങലില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് പോവുകയാണ്.
പൈശാചികമായ മാര്‍ഗത്തിലൂടെയാണ് റഷ്യ നീങ്ങി കൊണ്ടിരിക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു. എന്നാല്‍ സ്വന്തം മണ്ണ് യുക്രൈന്‍ ജനത പ്രതിരോധിക്കുകയാണ്. സ്വതന്ത്ര്യം തങ്ങള്‍ വിട്ട്കൊടിക്കില്ലെന്നും യുക്രൈന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
നിലവില്‍ ഏര്‍പ്പെടുത്തിയതിനേക്കാളും കടുത്ത ഉപരോധം റഷ്യയ്ക്കെതിരെ ചുമത്തണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടിരിക്കുകയാണ്. കരുതല്‍ സേനയെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് 90 ദിവസം നീണ്ട് നില്‍ക്കുന്ന പൂര്‍ണ സൈനിക നീക്കത്തിന് (full military mobilization) ഉത്തരവിട്ടിരിക്കുകയാണ് സെലന്‍സ്‌കി. 10 സൈനിക ഉദ്യോഗസ്ഥരടക്കം 137 'വീരയോദ്ധാക്കള്‍' റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ലോകത്തോടായുള്ള വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി വ്യക്തമാക്കി. 316 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒഡേസ മേഖലയില്‍ റഷ്യ പിടിച്ചടക്കിയ സ്മിനയി(Zmiinyi) ദ്വീപിലെ യുക്രൈനി അതിര്‍ത്തി സേനയില്‍പെട്ടവരും ഉള്‍പ്പെടുന്നു.
യുക്രൈനിന്‍റെ ഭാവി സൈന്യത്തിന്‍റേയും റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നവരുടേയും കൈകളിലാണെന്ന് വികാരനിര്‍ഭരമായ പ്രസംഗത്തില്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആയുബലം ഉപയോഗിച്ച് നേടിയെടുക്കാം എന്നുള്ള കാടത്തം നിറഞ്ഞ ലോക വിക്ഷണമാണ് യുക്രൈനില്‍ അധിനിവേശം നടത്തിയതിലൂടെ പുടിന്‍ പ്രകടമാക്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഏത് മാര്‍ഗം ഉപയോഗിച്ചും റഷ്യന്‍ സാമ്രാജ്യം കെട്ടിപടുക്കാനാണ് പുടിന്‍ ശ്രമിക്കുന്നത്. ഇതിനായി അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും രാജ്യാതിര്‍ത്തികള്‍ ബല പ്രയോഗത്തിലൂടെ മാറ്റം ശ്രമിക്കുന്നു എന്നും ബൈഡന്‍ ആരോപിച്ചു.
യുക്രൈന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് റഷ്യ ലക്ഷ്യം വെക്കുന്നത് എന്നുള്ള കാര്യം തനിക്ക് ബോധ്യമാണെന്ന് യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്‍റെണി ബ്ലിങ്കണ്‍ അമേരിക്കയിലെ സിബിഎസ് വാര്‍ത്ത ചാനലിനോട് പറഞ്ഞു. സോവിയറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് പുടിന്‍റെ ലക്ഷ്യം മെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ വ്യോമാക്രണം ഭയന്ന് കീവിലെ ആയിരക്കണക്കിന് ആളുകള്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളില്‍ അഭയം പ്രാപിച്ചു. സ്റ്റേഷനുകളില്‍ വലിയ തിരക്കാണ് ഇതുകാരണം അനുഭവപ്പെട്ടത്.
ഇന്നലെ(24.02.2022) പുലര്‍ച്ചയാണ് റഷ്യ യുക്രൈനിനെതിരെ ആക്രമണം തുടങ്ങിയത്. പ്രധാനപ്പെട്ട സൈനിക സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയായിരുന്നു തുടക്കം . തുടര്‍ന്ന് മൂന്ന് ദിക്കുകളില്‍ നിന്നായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കിഴക്ക് നിന്ന് യുക്രൈനിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കാര്‍ഖീവിലേക്കും, തെക്ക് റഷ്യ 2014ല്‍ കൈയടക്കിയ ക്രൈമിയയില്‍ നിന്നും, വടക്ക് റഷ്യയുടെ സൗഹൃദ രാഷ്ട്രമായ ബെലാറസില്‍ നിന്നും റഷ്യ ആക്രമണം അഴിച്ചുവിടുകയാണെന്ന് യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ റഷ്യ പറയുന്നത് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെ ആക്രമം നടത്തുന്നുള്ളൂ എന്നും നഗരങ്ങളിലും സാധാരണകാര്‍ക്കെതിരേയും അക്രമം നടത്തില്ലെന്നുമാണ് റഷ്യ പറയുന്നത്. എന്നാല്‍ ഈ വാദം പല മാധ്യമ റിപ്പോര്‍ട്ടുകളും തള്ളുന്നു.
ALSO READ: രണ്ടാം ദിനവും യുക്രൈനെ വളഞ്ഞാക്രമിച്ച് റഷ്യ; കീവില്‍ തുടർ സ്ഫോടനങ്ങള്‍, രാജ്യത്ത് കൂട്ട പലായനം