മരിയുപോൾ : യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്നു. മരിയുപോൾ നഗരത്തിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ അഭയാർഥികൾ കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ഇവിടെ 400 അഭയാർഥികൾ താമസിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിൽ സ്കൂൾ കെട്ടിടം പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ എത്രപേർക്ക് ജീവഹാനി ഉണ്ടായി എന്ന് വ്യക്‌തമല്ല. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം തുറമുഖ നഗരമായ മരിയുപോളിൽ സൈനിക നടപടികൾ റഷ്യ ശക്‌തമാക്കിയിട്ടുണ്ട്. മരിയുപോളിൽ നിന്ന് മാത്രം കഴിഞ്ഞ ദിവസം 4128പേരാണ് പലായനം ചെയ്‌തത്. ശനിയാഴ്‌ച നഗരത്തിൽ നടന്ന ആക്രമണത്തിൽ പ്രധാന സ്റ്റീൽ പ്ലാന്‍റ് അടച്ചുപൂട്ടിയിരുന്നു. ആക്രമണത്തെ തുടർന്ന് കൂടുതൽ പാശ്ചാത്യ സഹായത്തിനായി പ്രാദേശിക ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മരിയുപോളിൽ അഭയാർഥികൾ താമസിച്ചിരുന്ന ഒരു തിയേറ്റർ റഷ്യയുടെ വ്യോമാക്രമണത്തിൽ പൂർണമായി തകർന്നിരുന്നു. അപകടത്തിൽ ഡസൻ കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. നൂറിലധികം ആളുകൾ തിയേറ്ററിനുള്ളിൽ കഴിഞ്ഞിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ALSO READ: റഷ്യന്‍ ബന്ധമുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തനമവസാനിപ്പിക്കാന്‍ ഉത്തരവിട്ട് സെലന്‍സ്‌കി
അതേസമയം കഴിഞ്ഞ ദിവസം തങ്ങളുടെ ഏറ്റവും പുതിയ കിൻഷൽ ഹൈപ്പർസോണിക് മിസൈൽ റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചിരുന്നു. മിസൈലുകളും യുദ്ധവിമാനങ്ങള്‍ക്കുള്ള ആയുധങ്ങളും സൂക്ഷിക്കുന്ന യുക്രൈനിയന്‍ സൈന്യത്തിന്‍റെ ഭൂഗര്‍ഭ ആയുധപ്പുര കിന്‍ഷല്‍ മിസൈല്‍ വര്‍ഷിച്ച് നശിപ്പിച്ചെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു.
വടക്കന്‍ യുക്രൈനിലെ ഇവാനോ-ഫ്രന്‍കിവ്‌സ്‌ക് പ്രദേശത്താണ് ഈ ആയുധപ്പുര സ്ഥിതിചെയ്തിരുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ കരിങ്കടലിലെ തുറമുഖമായ ഒഡേസയ്ക്കടുത്തുള്ള യുക്രൈനിയന്‍ സൈനിക താവളത്തെ ആക്രമിക്കാനായി കപ്പല്‍ വേധ മിസൈല്‍ സംവിധാനമായ 'ബാസ്റ്റിയന്‍' ഉപയോഗിച്ചെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.