ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്‍റെയും ഭാര്യ മേഗന്‍റെയും രാജപദവിയില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്‌ച വിളിച്ചുചേര്‍ത്ത് എലിസബത്ത് രാജ്ഞി. രാജ്ഞിയുടെ സാന്‍ഡ്രിങ്‌ഹാം എസ്റ്റേറ്റില്‍ തിങ്കളാഴ്‌ചയാണ് രാജകുടുംബാംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ചാൾസ് രാജകുമാരന്‍, വില്യം രാജകുമാരന്‍, ഹാരി രാജകുമാരന്‍ എന്നിവരുമായാണ് രാജ്ഞി കൂടിക്കാഴ്‌ച നടത്തുന്നത്.
കഴിഞ്ഞയാഴ്‌ചയായിരുന്നു സസെക്‌സിലെ ഡ്യൂക്ക്, ഡച്ചസ് പദവികൾ ഉപേക്ഷിച്ച് രാജകുടുംബത്തില്‍ സ്വതന്ത്രരാകാനുള്ള ആഗ്രഹം ഹാരിയും മേഗനും അറിയിച്ചത്. നിരവധി മാസങ്ങൾ നീണ്ടുനിന്ന ആഭ്യന്തര ചർച്ചകൾക്ക് ശേഷമാണ് പിന്മാറാനുള്ള തീരുമാനമെന്നും ദമ്പതികൾ അറിയിച്ചിരുന്നു. കാനഡയിലുള്ള മേഗനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഹാരിയുടെയും മേഗന്‍റെയും പിന്‍വാങ്ങല്‍ പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായായിരിക്കും രാജകുടുംബാംഗങ്ങൾ തമ്മില്‍ കണ്ടുമുട്ടുന്നത്.