റിയോ ഡി ജനീറോ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ബ്രസീലില്‍ പ്രതിഷേധം ശക്തമാകുന്നു. ലോക്ക് ഡൗണ്‍ നടപടികള്‍ ശക്തമായി നടപ്പാക്കിയ പ്രാദേശിക സര്‍ക്കാറുകള്‍ക്കെതിരെ ബ്രസില്‍ പ്രസിഡന്‍റ് ജൈര്‍ ബോല്‍സൊനാരോയുടെ അനുയായികള്‍ രംഗത്തെത്തി. തെരുവില്‍ ഇറങ്ങിയ പ്രതിഷേധക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ റോഡുകളില്‍ നിര്‍ത്തി പ്രതിഷേധം അറിയിച്ചു. കൊവിഡ്-19 നിയന്ത്രണത്തിന് ശക്തമായ ലോക്ക് ഡൗണ്‍ വേണ്ടെന്നാണ് പ്രസിഡന്‍റിന്‍റെ നിലപാട്. ലോക്ക് ഡൗണ്‍ ശക്തമായാല്‍ അത് സാമ്പത്തിക രംഗത്തെ തകിടം മറിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ലോക്ക് ഡൗണ്‍ ശക്തമായി നടപ്പാക്കാനാണ് പ്രദേശിക സര്‍ക്കാറുകളുടെ നീക്കം. ഇതിന്‍റെ ഭാഗമായി റിയോ സ്റ്റേറ്റ് ഗവര്‍ണര്‍ വില്‍സണ്‍ വിറ്റ് സെല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ആഹ്വാനം നല്‍കി. ഇതിനെതിരെയാണ് പ്രസിഡന്‍റ് അനുകൂലികള്‍ രംഗത്ത് എത്തിയത്. പ്രായമുള്ളവരും പ്രത്യേക പരിഗണന വേണ്ടവരും മാത്രം വീടുകളില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ബാക്കിയുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ പാടില്ലെന്നും ഇവര്‍ പറയുന്നു. സാവോ പോളോയിലാണ് രാജ്യത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ജോ ഡോറിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രസിഡന്‍റ് ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നു. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയായ ലൂയിസ് ഹെന്‍റിക് മന്‍ഡെറ്റയെ പ്രസിഡന്‍റ് പുറത്താക്കിയിരുന്നു. നെല്‍സെന്‍ ടെയിച്ചാണ് പുതിയ ആരോഗ്യ മന്ത്രി. ആരോഗ്യ രംഗത്തോടൊപ്പം സാമ്പത്തിക രംഗത്തെ വളര്‍ച്ച കൂടിയാണ് തന്‍റെ ലക്ഷ്യമെന്നാണ് അദ്ദേഹം ചുമതലയേറ്റ ശേഷം പ്രതികരിച്ചത്.
അതിനിടെ രാജ്യത്ത് ഇതുവരെ 36,599 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2300 പേര്‍ മരിക്കുകയും ചെയ്തു. മാത്രമല്ല രാജ്യത്തെ പ്രായം കൂടിയ ആളുകള്‍ ഏറെയും ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്.