റോം: യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാന്‍ തയ്യാറെന്ന് ഫ്രാൻസിസ് മാർപാപ്പ. കർദിനാൾ പിയട്രോ പരോളിനാണ് ഇറ്റാലിയന്‍ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
'ഞങ്ങൾ ഭയപ്പെട്ടതും സംഭവിക്കില്ലെന്ന് പ്രതീക്ഷിച്ചതും സംഭവിച്ചെങ്കിലും, ചർച്ചകൾക്ക് എപ്പോഴും ഇടമുണ്ട്'. അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാനുള്ള സന്നദ്ധതയാണ് മാര്‍പാപ്പ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. മേഖലയില്‍ സമാധനം കൊണ്ടുവരാന്‍ ഇരു രാജ്യങ്ങളേയും സഹായിക്കാന്‍ തയ്യാറെന്നും കർദിനാൾ പിയട്രോ വ്യക്തമാക്കി.
അതേസമയം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ വെള്ളിയാഴ്‌ച റഷ്യൻ എംബസിയിലെത്തി അംബാസഡറുമായി ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് അംബാസഡര്‍ക്ക് മേല്‍ അദ്ദേഹം സമ്മര്‍ദം ചെലുത്തിയത്.
യുക്രൈനില്‍ വിശ്വാസികളിൽ ഓർത്തഡോക്‌സ് ക്രിസ്‌ത്യാനികൾ പ്രബലമാണെങ്കിലും, കത്തോലിക്കാ സഭയുടെ പൗരസ്ത്യ ആചാരം പിന്തുടരുന്നവരുമുണ്ട്.