പോളണ്ട്: കൊവഡ് കേസുകള്‍ പെരുകുമ്പോഴും രാജ്യത്ത് വ്യാപാര സ്ഥാപനങ്ങളും കടകളും തുറക്കാന്‍ അനുമതി നല്‍കി പോളണ്ട് സര്‍ക്കാര്‍. നവംബര്‍ 28 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി പറഞ്ഞു. നിലവില്‍ രാജ്യത്ത് കൊവിഡ് 27,875, 637 കടന്നു. നിലവില്‍ രാജ്യത്തെ ഷോപ്പിങ്ങ് മാളുകളും കടകളും അടച്ചിട്ടിരിക്കുകയാണ്.
അടുത്ത ശനിയാഴ്ച മുതൽ വാണിജ്യ കേന്ദ്രങ്ങള്‍ സാനിറ്റൈസ് ചെയ്ത ശേഷം പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് കടുത്ത പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഫിറ്റ്നസ് സെന്‍ററുകള്‍, ഹാളുകൾ എന്നിവ അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു.
100 ദിവസത്തിനകം പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ 100 ദിവസങ്ങളിൽ യാത്രകളിൽ നിന്ന് വിട്ടുനിൽക്കാനും ബഹുജന സമ്മേളനങ്ങൾ ഒഴിവാക്കാനും ശുചിത്വ നിയമങ്ങൾ പാലിക്കാനും ഉദ്യോഗസ്ഥർ ജനങ്ങളോട് ആവശ്യപ്പെട്ടു. നവംബർ ആദ്യവാരം വൈറസിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ല. പോളണ്ടിന്‍റെ മുഴുവൻ പ്രദേശവും ഇപ്പോൾ ഉയർന്ന അപകടസാധ്യതയുള്ള റെഡ് സോണുകളാണ്. റെസ്റ്റോറന്‍റുകള്‍ ബാറുകൾ, കഫേകൾ എന്നിവയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അഞ്ചില്‍ അധികം ആളുകള്‍ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്.