പാരീസ്: ഇന്ത്യ വികസനത്തിലേക്കുള്ള യാത്ര ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങള്‍ ഇപ്പോള്‍ വികസനത്തിന്‍റെ പാതയിലാണ്. തനിക്ക് ഇക്കാര്യം ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും. പേരിന് ഒരു സർക്കാർ എന്ന രീതിയിലല്ല പ്രവർത്തിക്കുന്നത്. പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുകയാണ് തന്‍റെ ലക്ഷ്യം. ഫ്രാന്‍സിലെ യുനെസ്കോ ആസ്ഥാനത്ത് ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
"നാല് വർഷം മുൻപ് ഇവിടെ വന്നപ്പോൾ ഇന്ത്യയിൽ വികസനം കൊണ്ടുവരുമെന്ന് താൻ ഉറപ്പ് നൽകിയിരുന്നു. വാഗ്ദാനങ്ങൾ മറക്കുന്നയാളല്ല ഞാന്‍. നൽകിയ വാഗ്ദാനങ്ങൾ ജനങ്ങളെ ഓർപ്പിക്കുകയാണ്. ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നവരുടെ നാട്ടിൽ നിന്നാണ് താൻ വരുന്നത്. ഗോളുകളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് ഇന്ത്യക്കാർ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒന്നിച്ചുനിന്ന് അസാധ്യമെന്ന് കരുതിയ ലക്ഷ്യങ്ങൾ നേടിയെടുക്കും - നരേന്ദ്ര മോദി പറഞ്ഞു.
1950 ലും 1966 ലുമായി ഫ്രാൻസിൽ നടന്ന എയർ ഇന്ത്യ വിമാന അപകടങ്ങളിൽ മരിച്ചവരുടെ സ്മരണക്കായി നിർമിച്ച സ്മാരകവും മോദി ഉദ്ഘാടനം ചെയ്തു.