ബുക്കാറസ്റ്റ് : ജീവിതം ബുദ്ധിമുട്ടേറിയതെന്ന് തോന്നുന്ന നിമിഷം, മുന്നോട്ട് പോകുന്നില്ലെന്ന് തോന്നുമ്പോൾ നിങ്ങൾ ഈ ദിനം ഓർമിക്കുക. ഫെബ്രുവരി 26, എല്ലാം ശരിയാകും.' റൊമേനിയയിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യരക്ഷാദൗത്യത്തിലെ വിദ്യാർഥികളോട് റൊമേനിയയിലെ ഇന്ത്യൻ അംബാസഡര്‍ രാഹുൽ ശ്രീവാസ്‌തവ പറഞ്ഞ വാക്കുകളാണിത്.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മറ്റു സുഹൃത്തുക്കളുമായി സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ ഇന്ത്യൻ സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശം കൈമാറാനും അംബാസഡര്‍ ആവശ്യപ്പെട്ടു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സർക്കാർ രാവും പകലും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
യുക്രൈനിലെ അവസാന ഇന്ത്യൻ പൗരനെയും വരെ രക്ഷപ്പെടുത്തിയാൽ മാത്രമേ മിഷൻ പൂർണമാകുകയുള്ളു. നിങ്ങളെ കുടുംബങ്ങളും ബന്ധുക്കളും ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യും. നിങ്ങൾ അവിടെ എത്തുമ്പോൾ അവർ ആലിംഗനം ചെയ്യും, നിങ്ങൾ തിരിച്ചും. എന്നാൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ മറന്നുപോകരുതെന്നും അവർ വിളിക്കുമ്പോൾ ഇന്ത്യൻ സർക്കാർ അവർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും അവരെയും രക്ഷപ്പെടുത്തുമെന്നും അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രാലയവും യുക്രൈനിലെയും റൊമേനിയയിലെയും ഇന്ത്യൻ എംബസികളുടെയും സംയുക്തപ്രവർത്തനങ്ങളിലൂടെയാണ് യുക്രൈനിൽ കുടുങ്ങിക്കിടന്ന 250ഓളം വിദ്യാർഥികളെ സൂസെവ അതിർത്തി വഴി റൊമേനിയയിൽ എത്തിച്ചത്. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ എത്തിയ ഇന്ത്യക്കാർ മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്‌ച ഉച്ചയോടെയാണ് എയർ ഇന്ത്യയുടെ എഐ1944 വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.
READ MORE: ആദ്യവിമാനത്തിലെ വിദ്യാര്‍ഥിനിയുടെ പ്രതികരണം: ഭയമകന്നു, എല്ലാവര്‍ക്കും നന്ദി!