ജനീവ : ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് ഒമിക്രോൺ വകഭേദം വ്യാപനശേഷിയിൽ മുന്നിലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തിൽ ഒമിക്രോൺ കേസുകൾ നാള്‍ക്കുനാള്‍ വർധിക്കുന്ന സാഹചര്യമാണുള്ളത്. ഒമിക്രോൺ വകഭേദം പ്രതിരോധശേഷിയെ ബാധിക്കുമെന്നും എന്നാൽ രോഗ തീവ്രത മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
ചില രാജ്യങ്ങളിൽ ഡെൽറ്റ വകഭേദത്തെ മറികടക്കാൻ സമയമെടുക്കും. ഇത് ഡെൽറ്റ വ്യാപനത്തെ ആശ്രയിച്ചാണെന്നും ഡബ്ല്യു.എച്ച്.ഒ ഉദ്യോഗസ്ഥൻ മരിയ വാൻ ഗെർഖോവെ വ്യക്തമാക്കി. ലോകത്തെ എല്ലാ രാജ്യങ്ങളിലും തന്നെ ഇതിനകം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമായ രോഗമല്ല ഒമിക്രോൺ എന്നിരുന്നാലും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഗെർഖോവെ കൂട്ടിച്ചേർത്തു.
READ MORE: India Covid Updates | രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷത്തിലേക്ക് ; 1,94,720 പേര്‍ക്ക് കൂടി രോഗബാധ
ജനുവരി മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ 15 മില്യൺ കൊവിഡ് കേസുകളാണ് ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്‌തത്. തൊട്ടുമുമ്പത്തെ ആഴ്‌ച റിപ്പോർട്ട് ചെയ്‌ത 9.5 മില്യൺ കേസുകളേക്കാൾ 55 ശതമാനം കൂടുതലാണിതെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ ആഴ്‌ചയിൽ ആഗോള തലത്തിൽ 43,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ആഗോള തലത്തിൽ ജനുവരി ഒമ്പത് വരെ 304 മില്യൺ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 5.4 മില്യൺ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ 4,610,359 പേർക്കും ഫ്രാൻസിൽ 1,597,203 പേർക്കും യുകെയിൽ 1,217,258 പേർക്കും ഇറ്റലിയിൽ 1,014,358 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ രോഗബാധ ഇരട്ടിയാകാനുള്ള സമയം കുറവാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.