പാരീസ്: ജനിതകമാറ്റം വന്ന കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തി ലോക രാഷ്ട്രങ്ങള്‍. അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഫ്രാന്‍സില്‍ ഇതിനോടകം തന്നെ വ്യാപിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ. രാജ്യത്ത് ഇതുവരെ നടത്തിയ ജീനോടൈപ്പ് പരിശോധനകളില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനര്‍ഥം രാജ്യത്ത് വൈറസ് വ്യാപിച്ചിട്ടില്ല എന്നല്ലെന്നും ഒലിവര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രസ്‌താവനകള്‍ ജനങ്ങളെ ഭയപ്പെടുത്താനല്ലെന്നും ശരിയായ തീരുമാനങ്ങളെടുക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്‍റെ വ്യാപനം സംബന്ധിച്ച് യുകെ കഴിഞ്ഞ ആഴ്‌ച വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതുവരെ ഉണ്ടായിരുന്ന കൊറോണ വൈറസുകളില്‍ നിന്നും അതീവ വ്യാപന ശേഷിയുള്ളതാണ് ഇതെന്നും വിദഗ്‌ധര്‍ പറയുന്നു. യുകെ പല ഭാഗങ്ങളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്‌മസ് കാലത്ത് അനുവദിച്ച കൊവിഡ് ഇളവുകളും സര്‍ക്കാര്‍ പിന്‍വലിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ, നെതർലൻഡ്‌സ്, ബെൽജിയം, ഫ്രാൻസ്, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങള്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. നിലവില്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കൊണ്ട് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും ഒലിവര്‍ പറഞ്ഞു.