ജറുസലേം: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വാക്‌സിന്‍ സ്വീകരിക്കുന്നതോടെ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ ഇസ്രയേല്‍ വംശജനാകും നെതന്യാഹു. ശനിയാഴ്ച വാക്‌സിന്‍ സ്വീകരിച്ച് തുടങ്ങും. എല്ലാവര്‍ക്കും ഒരു ഉദാഹരണമാകുക എന്ന ലക്ഷ്യത്തോടെയാണ് വാക്‌സിന്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചതായി ഇസ്രായേൽ സർക്കാർ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ജനുവരി അവസാനത്തോടെ ദശലക്ഷക്കണക്കിന് ഡോസുകൾ ഇസ്രയേലികൾക്ക് ലഭ്യമാകുമെന്നും വാക്‌സിന്‍ ആരും ഒഴിവാക്കരുതെന്നും പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിനെ തുരത്താനായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കും വയോധികര്‍ക്കും മറ്റ് അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും അടക്കം വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്ന് നെതന്യാഹു വിശദീകരിച്ചു.
ഫൈസര്‍/ബയോന്‍ടെക് വാക്‌സിനുകളുടെ ആദ്യ ഡോസുകള്‍ ഇസ്രയേലില്‍ എത്തി. ഇസ്രായേൽ സർക്കാർ എട്ട് ദശലക്ഷം ഡോസ് വാക്‌സിനായുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഈ വാക്‌സിന്‍ നിലവില്‍ യുകെയില്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ ഡോസ് കഴിഞ്ഞ് 21 ദിവസത്തിന് ശേഷം അടുത്ത ഡോസ് നല്‍കും. രണ്ടാം ഡോസ് സ്വീകരിച്ച് ഏഴ് ദിവസത്തിന് ശേഷം ശരീരം ശക്തമായ രോഗപ്രതിരോധ ശേഷി കാണിച്ച് തുടങ്ങുമെന്ന് വിദഗ്‌ധര്‍ പറയുന്നു. -70 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്.
യുഎസ് കമ്പനിയായ മോഡേണ ഉൾപ്പെടെയുള്ള മറ്റ് നിർമാതാക്കള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ക്കായുള്ള കരാറുകളിലും ഇസ്രായേൽ ഒപ്പുവെച്ചിട്ടുണ്ട്. കൊറോണ വൈറസ് രോഗത്തിനെതിരെ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നവംബർ ഒന്നിന് ആരംഭിച്ചിരുന്നു. ഇതുവരെ രാജ്യത്ത് 357000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേർ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചു.