ബ്രെക്സിറ്റ് സംബന്ധിച്ച് ഈയാഴ്ച പാര്‍ലമെന്‍റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചതായി പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് പന്ത്രണ്ടോടെ വോട്ടെടുപ്പ്നടത്താനാകുമെന്നാണ് കരുതുന്നതെന്ന് ഈജിപ്തിലെ ഷാംഎല്‍ഷേക്കില്‍ അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ച തെരേസാ മേ മാധ്യമങ്ങളോട് വ്യക്തമാക്കി. മാര്‍ച്ച് 29ന് ബ്രെക്സിറ്റ്നടപ്പാക്കാന്‍ സാധിക്കുമെന്നും തെരേസാ മേ വ്യക്തമാക്കി.
എന്നാല്‍ മാര്‍ച്ച് 12ലെ വോട്ടെടുപ്പിനുശേഷം ബ്രെക്സിറ്റിന് വെറും 17 ദിവസത്തെ സാവകാശമേ ലഭിക്കുകയുളളുവെന്നും ഇതു പോരെന്നും മേയുടെ കാബിനറ്റിലെ ഏതാനും മന്ത്രിമാര്‍ പറഞ്ഞു. കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ ബ്രെക്സിറ്റ് തീയതി നീട്ടണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മേ തയ്യാറായില്ല. കാബിനറ്റിന്‍റെ കൂട്ടുത്തരവാദിത്വം തകര്‍ന്നിട്ടില്ലെന്ന് മേ വ്യക്തമാക്കി.
ഈ മാസം 27ന് ബ്രെക്സിറ്റ് വോട്ടെടുപ്പ്നടത്തുമെന്നാണ്നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അതിനാല്‍ വോട്ടെടുപ്പ്മാറ്റിവയ്ക്കുകയാണെന്നും മേ വ്യക്തമാക്കി. ചൊവ്വാഴ്ച വീണ്ടും ബ്രസല്‍സിലേക്ക് പോകുന്നുണ്ടെന്നും മേ പറഞ്ഞു.