ലണ്ടന്‍: നിയമാവലി മറികടന്ന് ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് രണ്ട് വനിതകള്‍ പങ്കിട്ടു. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് ആറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നാഡിന്‍ ഇവരസ്‌റ്റോ എന്നിവരാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്. ബുക്കര്‍ പ്രൈസ് ഒരു വര്‍ഷം രണ്ട് പേര്‍ക്ക് നല്‍കരുതെന്ന 1993മുതലുള്ള നിയമത്തെ മറികടന്നാണ് ഈ വര്‍ഷത്തെ പുരസ്കാര നിര്‍ണയം.
മാര്‍ഗരറ്റ് ആറ്റ്‌വുഡിന്‍റെ 'ദ ടെസമെന്‍റ്സ്' എന്ന കൃതിയും ബെര്‍നാഡിന്‍ ഇവരസ്‌റ്റോയുടെ 'ഗേള്‍, വുമണ്‍ ,അദര്‍ ' എന്ന കൃതിയുമാണ് പുരസ്കാരത്തിനര്‍ഹമായത്. മാര്‍ഗരറ്റ് ആറ്റ്‌വുഡിന് ഇത് രണ്ടാം തവണയാണ് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. 2000ത്തില്‍ 'ദി ബ്ലൈന്‍ഡ് അസാസിന്‍' എന്ന കൃതിക്കാണ് മാര്‍ഗരറ്റ് ആറ്റ്‌വുഡിന് പുരസ്കാരം ലഭിച്ചത്.
ഇതോടെ ബുക്കര്‍ പ്രൈസ് നേടിയ ആദ്യ കറുത്ത വര്‍ഗക്കാരിയായ എഴുത്തുകാരിയാവും ബെര്‍നാഡിന്‍ ഇവരസ്‌റ്റോ. പുരസ്കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലിയെ മറികടന്നാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ 1974ല്‍ നദിന്‍ ഗോര്‍ഡിമെര്‍, സ്‌റ്റാന്‍ലി മിഡില്‍ടോണ്‍ എന്നിവര്‍ക്ക് ബുക്കര്‍ പ്രൈസ് പങ്കിട്ട് നല്‍കിയിരുന്നു.1992ലും മൈക്കല്‍ ഒണ്ടാജെ, ബാരി അണ്‍സ്‌വര്‍ത്ത് എന്നിവര്‍ക്കും ബുക്കര്‍ പ്രൈസ് പങ്കിട്ട് നല്‍കിയിരുന്നു.
പുരസ്‌കാരനിര്‍ണയിക്കുന്നതിനായുളള പത്ത് മാസം കഠിനമായിരുന്നുവെന്നും ഇരു കൃതികളും അസാധാരണവും വായനക്കാരെ ആനന്ദിപ്പിക്കുന്നതും വരും കാലങ്ങളില്‍ പ്രതിധ്വനിക്കപ്പെടുന്നതുമാണെന്ന് പുരസ്‌കാര നിര്‍ണയകമ്മിറ്റി ജഡ്‌ജായ പീറ്റര്‍ ഫ്‌ളോറന്‍സ് പറയുന്നു.