ലണ്ടന്‍: 9,000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. മല്യയെ ഇന്ത്യക്ക് കൈമാറാണമെന്ന് കഴിഞ്ഞ ഫെബ്രുവരി നാലിന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യത്തിൽ ഇന്നാണ് ഹൈക്കോടതി വാദം കേള്‍ക്കുക.
ഇത് സംബന്ധിച്ച് രേഖാമൂലമുള്ള പരാതി കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് കോടതി തള്ളിയിരുന്നു. വാദം നേരത്തേ പൂര്‍ത്തിയായാല്‍ കോടതിയുടെ തീര്‍പ്പ് ഇന്ന് ഉണ്ടായെക്കുമെന്ന് ഇന്ത്യ ഗവൺമെന്‍റിന് വേണ്ടി ഹാജരാകുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വക്‌താവ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മല്യയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുകൂലമായ വിധിയാണ് വെസ്‌റ്റ്‌മിനിസ്‌റ്റര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി പ്രതികൂലമായാല്‍ മല്യയ്‌ക്ക് സുപ്രീം കോടതിയേയോ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയേയോ സമീപിക്കാം. അല്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറിക്ക് നിവേദനം നല്‍കാം. അതെ സമയം, ഇന്ത്യയില്‍ നിന്ന് താനെടുത്ത ബാങ്ക് വായ്‌പകളെല്ലാം തിരിച്ചടയ്‌ക്കാന്‍ തയാറാണെന്ന് മല്യ സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു.