റോം: ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിൻ സ്വീകരിക്കും. താന്‍ ഇതുവരെ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും തന്‍റെ പ്രായക്കാർക്ക് ഇപ്പോൾ വാക്‌സിൻ അനുവദിക്കുന്നില്ലെന്നും മരിയോ ഡ്രാഗി പറഞ്ഞു. എന്നാല്‍ അസ്ട്രാസെനെക്ക വാക്‌സിൻ കുത്തിവെയ്‌പ് എടുക്കും. തന്‍റെ മകൻ ഇതിനകം തന്നെ യുകെയിൽ വാക്‌സിൻ സ്വീകരിച്ചുവെന്നും ഡ്രാഗി വെള്ളിയാഴച നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
പാർശ്വഫലങ്ങളെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ അസ്ട്രാസെനെക്കയുടെ വാക്‌സിൻ നിരോധിക്കുന്ന സാഹചര്യത്തിലാണ് മരിയോ ഡ്രാഗി വാർത്താ സമ്മേളനം നടത്തിയത്. വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടതിനെത്തുടർന്നായിരുന്നു രാജ്യങ്ങൾ വാക്‌സിന് നിരോധനം ഏർപ്പെടുത്തിയത്. രക്തം കട്ട പിടിക്കുന്നതും അസ്ട്രാസെനക്ക വാക്‌സിനുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് യൂറോപ്യൻ മെഡിക്കൽ ഏജൻസി അറിയിച്ചിരുന്നു. അസ്ട്രാസെനക്ക വാക്‌സിനിൽ ജനങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിലെയും യുകെയിലെയും പ്രധാനമന്ത്രിമാർ വെള്ളിയാഴ്‌ച കുത്തിവെയ്‌പ്പെടുത്തിരുന്നു.