മിലന്‍: വടക്കന്‍ ഇറ്റലിയില്‍ കനത്ത മഞ്ഞുവീഴ്‌ച. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലനിലും കനത്ത മഞ്ഞു വീഴ്‌ചയുണ്ടായി. ഇവിടങ്ങളില്‍ തെരുവുകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും അധികൃതര്‍ മഞ്ഞ് നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനാല്‍ രാജ്യത്ത് ഗതാഗത കുരുക്ക് കുറവായിരുന്നു.
കൊവിഡ് സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തിങ്കളാഴ്‌ച മുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. റെഡ് അലര്‍ട്ടില്‍ നിന്നും ഓറഞ്ച് അലര്‍ട്ടായി പ്രഖ്യാപിക്കുകയും ചെയ്‌തു. കടകള്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ബാറുകളും റെസ്റ്റോറന്‍റുകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ശക്തമായ തെക്കന്‍ കാറ്റ് മൂലം റോമിലും വടക്കന്‍ ഇറ്റലിയിലും മരങ്ങള്‍ കടപുഴകി വീണു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാധ്യത കണക്കിലെടുത്ത് സ്‌കീ റിസോര്‍ട്ടുകളും ഇറ്റലിയില്‍ അടച്ചിട്ടിരിക്കുകയാണ്.