ലണ്ടൻ: ബ്രിട്ടനിലെ ഡെർബിയിലുള്ള ഗുരുദ്വാരക്ക് നേരെ ആക്രമണം. ഗുരുദ്വാര ശ്രീ ഗുരു അർജൻ ദേവ് എന്ന ആരാധനാലയമാണ് തിങ്കളാഴ്ച രാവിലെ അജ്ഞാതനായ അക്രമി നശിപ്പിച്ചത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, പ്രതിദിനം 500ലധികം ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഗുരുദ്വാരയിൽ രാവിലെ (പ്രാദേശിക സമയം) ആറു മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
ഗുരുദ്വാര കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, സിഖ് സമുദായത്തിന് എതിരെ ഉണ്ടായ ഈ ക്രൂരകൃത്യം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ബ്രിട്ടൻ ഭരണകൂടത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നാണ് ഇന്ത്യൻ നേതാക്കളുടെ ആവശ്യം. ഗുരുദ്വാരക്ക് നേരയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ നേതാക്കളും ബ്രിട്ടൻ നേതാക്കളും രംഗത്തെത്തി. ഇത്തരം കുറ്റകൃത്യങ്ങൾ യുകെ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ശിരോമണി അകാലിദൾ വക്താവ് മഞ്ജിന്ദർ സിംഗ് സിർസ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു. ദിവസവും 500 പേർക്ക് ഭക്ഷണം നൽകുന്ന ഗുരുദ്വാരക്ക് നേരെ അക്രമം നടന്നുവെന്നത് വിഷമമുള്ള വാർത്തയാണെന്ന് യുകെ എംപി പ്രീത് കൗർ ഗിലും പ്രതികരിച്ചു.
ഗുരുദ്വാര കമ്മിറ്റി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അക്രമിയുടെ രൂപം കണ്ടെത്താൻ സാധിച്ചെങ്കിലും ഇയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിഖുകാർക്കെതിരെ കുറ്റകൃത്യങ്ങൾ നടത്തിയാലും സാമൂഹിക സേവനങ്ങളിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് ഗുരുദ്വാര ഭാരവാഹികൾ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സന്നദ്ധപ്രവർത്തകർക്കും ജീവനക്കാർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം, ഗുരുദ്വാര നശിപ്പിച്ചതിന് പിന്നിൽ കശ്‌മീർ പ്രശ്‌നമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലർ പറയുന്നത്. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവിന്‍റെ രക്തസാക്ഷിദിനത്തിന് ഒരു ദിവസം മുമ്പാണ് ആക്രമണം നടന്നിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓർമക്കായി പണിതുയർത്ത ഗുരുദ്വാര നശിപ്പിച്ചതു വഴി ലോകമെമ്പാടുമുള്ള എല്ലാ സിഖുകാരുടെയും വികാരത്തെ കൂടിയാണ് വ്രണപ്പെടുത്തിയിരിക്കുന്നത്.