ജനീവ: കൊവിഡ് മഹാമാരി ലോകമാകെ വ്യാപിക്കുമ്പോഴും പ്രതീക്ഷയുടെ പച്ചപ്പ് അവശേഷിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി. കൊവിഡ് ഗുരുതരമായ രോഗികളില്‍ സ്റ്റിറോയിഡായ ഡെക്‌സാമെതസോണ്‍ ഗുണം ചെയ്യുന്നുവെന്ന യുകെ മെഡിക്കല്‍ ട്രയലിന്‍റെ കണ്ടെത്തലിനെ ഡബ്ല്യുഎച്ച്ഒ തലവന്‍ പ്രശംസിച്ചു. എന്നാല്‍ മരുന്ന് മെഡിക്കല്‍ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. ജനീവയില്‍ വാർത്താ സമ്മേളനത്തിലാണ് ഡബ്ല്യുഎച്ച്ഒ തലവന്‍ ഡോ ടെഡ്രോസ് അദനാം ഗബ്രിയേസസ് പ്രശംസിച്ചത്.
എന്നാല്‍ മരുന്ന് മെഡിക്കല്‍ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ആവശ്യമായ രോഗികൾക്ക് മാത്രമേ മരുന്ന് നല്‍കാന്‍ പാടുള്ളുവെന്നും ഡബ്ല്യുഎച്ച്ഒ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ രോഗികളില്‍ മരുന്ന് ഗുണം ചെയ്യുമെങ്കിലും സ്റ്റിറോയ്‌ഡ് വൈറസിനുള്ള ചികിത്സയല്ലെന്ന് ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തര പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ മൈക്കല്‍ റയാന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകള്‍ക്കിടയില്‍ വൈറസിനെ നിയന്ത്രിക്കാന്‍ കൂടുതല്‍ ചികിത്സകള്‍ ആവശ്യമാണെന്ന് ടെഡ്രോസ് അദനാം ഗബ്രിയേസസ് വ്യക്തമാക്കി.
നിലവില്‍ ലോകത്താകമാനം 8.1 മില്ല്യണ്‍ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 4,43,000 മരണമാണ് ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.