ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മന്‍ സംസ്ഥാനമായ ബാദന്‍ വുര്‍ട്ടെംബര്‍ഗില്‍ സ്‌കൂളില്‍ ബുര്‍ഖ, നിക്കാബ് പോലുള്ള മുഖാവരണങ്ങള്‍ നിരോധിച്ചു. മുഖം മുഴുവന്‍ മൂടിയതരം ഇസ്ലാമിക ആവരണം ഒരു സ്വതന്ത്ര സമൂഹത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നായിരുന്നു നിരോധനം ചൂണ്ടിക്കാട്ടിയുള്ള വിശദീകരണം. മുസ്‌ലീം മുഖാവരണവുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന സമയത്താണ് പുതിയ നിയന്ത്രണം വന്നത്. ഹാംമ്പര്‍ഗ് കോടതി നഗരത്തിലെ ബുര്‍ഗ നിരോധനം എടുത്തുമാറ്റിയതിനെ തുടര്‍ന്നാണ് ജര്‍മനിയില്‍ മുസ്‌ലീം മുഖാവരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായത്. സ്‌കൂളുകളില്‍ മുഖാവരണം ധരിക്കുന്ന വിദ്യാര്‍ഥികള്‍ അപൂര്‍വമാണെന്നും എങ്കിലും നിയമം ആവശ്യമാണെന്നും മുന്‍നിര രാഷ്‌ട്രീയ നേതാവും സ്റ്റേറ്റ് പ്രീമിയറുമായ വിന്‍ഫ്രൈഡ് ക്രെറ്റ്‌സ്‌മാൻ പറഞ്ഞു.
പൂര്‍ണമായും മുഖം മറയ്‌ക്കുന്ന രീതികള്‍ ഒരു സ്വതന്ത്ര സമൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന കാര്യമല്ലെന്നും ഇത്തരം നിരോധനം സര്‍വകലാശാലകളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഇടയില്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം ബാദന്‍ വുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ പ്രൈമറി, സെക്കന്‍ററി സ്‌കൂളുകളില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കുന്നതെന്നും സ്റ്റേറ്റ് പ്രീമിയര്‍ അറിയിച്ചു. മുഖാവരണം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ജര്‍മനിയിലെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഇത്തരം വസ്‌ത്രങ്ങള്‍ ധരിക്കാനാവശ്യപ്പെടുന്നത് അവരുടെ അവകാശങ്ങള്‍ക്കെതിരാണെന്നാണ്. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്‍റെ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റ്സ് അടങ്ങുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ മുന്‍നിര അംഗങ്ങളടക്കം ആവശ്യപ്പെടുന്നത് രാജ്യം മുഴുവന്‍ ഇത്തരം മുഖാവരണ വസ്‌ത്രങ്ങള്‍ നിരോധിക്കണമെന്നാണ്. അയല്‍ രാജ്യങ്ങളായ ഫ്രാന്‍സിലും, നെതര്‍ലാന്‍റിലും, ഡെന്‍മാര്‍ക്കിലും, ആസ്‌ട്രിയയിലും മുഖാവരണ വസ്‌ത്രങ്ങള്‍ നിരോധിച്ചിട്ടുണ്ട്.