പാരീസ്: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫ്രാൻസിലെ സ്‌കൂളുകൾ അടക്കുമെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. തിങ്കളാഴ്‌ച മുതൽ അടച്ചിടുന്ന സ്‌കൂളുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കുകയില്ലെന്നും മാക്രോൺ വ്യക്തമാക്കി. ക്രഷുകൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ തുടങ്ങിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 70 വയസിന് മുകളിലുള്ളവർ ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
ഫ്രാൻസിൽ 61 പേരാണ് കൊവിഡ് 19 മൂലം മരിച്ചത്. ഏകദേശം 2,900 പേർ രോഗബാധിതരാണ്. കഴിഞ്ഞ നൂറുവർഷത്തിനിടയിൽ ഫ്രാൻസ് അഭിമുഖീകരിച്ച ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണിതെന്നും മാക്രോൺ പറഞ്ഞു. അതേസമയം പ്രതിസന്ധിയുടെ ആദ്യഘട്ടത്തിലാണ് രാജ്യം. രാജ്യവ്യാപകമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നീട്ടിവക്കുകയില്ല. നിശ്ചയിച്ച പ്രകാരം ഞായറാഴ്‌ച തന്നെ വോട്ടെടുപ്പ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.