പാരിസ്: ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി കരാര്‍ ഓസ്‌ട്രേലിയ ലംഘിച്ചതിന് പിന്നാലെ ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡർമാരെ തിരികെ വിളിച്ച് ഫ്രാൻസ്. കൂടിയാലോചനകൾക്ക് വേണ്ടിയാണ് തിരികെ വിളിപ്പിച്ചതെന്നാണ് ഫ്രാന്‍സിന്‍റെ വിശദീകരണം.
ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കാനും അമേരിക്കയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിക്കാനുമുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം അസ്വീകാര്യമാണെന്ന് വിദേശകാര്യമന്ത്രി ജീൻ യീവ്‌സ് ലെ ഡ്രിയൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ അഭ്യർത്ഥനപ്രകാരം അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും രണ്ട് അംബാസഡർമാരെ കൂടിയാലോചനയ്ക്കായി ഉടൻ തന്നെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചുവെന്ന് ലെ ഡ്രിയാൻ വ്യക്തമാക്കി.
2016ല്‍ അന്തര്‍വാഹിനി വാങ്ങുന്നത് സംബന്ധിച്ച് ഫ്രാന്‍സുമായി 40 ബില്യണ്‍ യുഎസ് ഡോളര്‍ കരാറില്‍ ഓസ്ട്രേലിയ ഒപ്പ് വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുകെ, അമേരിക്ക എന്നി രാജ്യങ്ങളുമായി ത്രിരാഷ്ട്ര സുരക്ഷ ഉടമ്പടിയിലെത്തിയതിന് പിന്നാലെ ഫ്രാന്‍സുമായുള്ള കരാര്‍ ഓസ്ട്രേലിയ റദ്ദാക്കി. തുടര്‍ന്ന് യുഎസ്, ബ്രിട്ടീഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആണവശേഷിയുള്ള അന്തര്‍വാഹിനി നിര്‍മിക്കുന്നതിനായി ധാരണയിലെത്തുകയും ചെയ്‌തു.
മൂന്ന് രാജ്യങ്ങളും സംയുക്തമായാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇതിനോട് രൂക്ഷമായി പ്രതികരിച്ച ഫ്രാന്‍സ് ഓസ്‌ട്രേലിയയുടേത് പിന്നില്‍ നിന്നുള്ള കുത്താണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംബാസഡര്‍മാരെ തിരികെ വിളിക്കാനുള്ള ഫ്രാന്‍സിന്‍റെ തീരുമാനം.
അതേസമയം, ഫ്രാന്‍സിന്‍റെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി. ഓസ്‌ട്രേലിയ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
നേരത്തെ ഫ്രാന്‍സിന്‍റെ വിമര്‍ശനങ്ങളെ തള്ളിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പുതിയ കരാറിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഫ്രഞ്ച് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച സാധ്യതകളെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു.
Also read: പെലെയുടെ ആരോഗ്യനില തൃപ്‌തികരം; ഹൃദയവും ശ്വസനവും സാധാരണനിലയിൽ