കീവ്: ഫോക്‌സ് ന്യൂസ് ഫോട്ടോഗ്രാഫർ പിയറി സക്രെസ്‌വ്‌സ്‌കി യുക്രൈനിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച (14.03.22) റിപ്പോർട്ടർ ബെഞ്ചമിൻ ഹാളിനൊപ്പം സഞ്ചരിക്കവെ വാഹനത്തിന് നേരെ ഉണ്ടായ വെടിവയ്പ്പിലാണ് പിയറി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കീവിന് പുറത്തുള്ള ഹൊറെങ്കയിൽ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇവരുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
സക്രസെവ്സ്‌കി ഇറാഖ്, അഫ്‌ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ഫോക്‌സ് ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയ്‌തിരുന്നു. മാധ്യമ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ അഭിനിവേശവും കഴിവും സമാനതകളില്ലാത്തതായിരുന്നുവെന്ന് ഫോക്സ് ന്യൂസ് മീഡിയയുടെ സിഇഒ സുസെയ്ൻ സ്കോട്ട് പറഞ്ഞു.
രണ്ട് ദിവസത്തിനിടെ യുക്രൈനിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവർത്തകനാണ് സക്രസെവ്സ്‌കി. ഡോക്യുമെന്‍ററി സംവിധായകനും യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ വിദഗ്‌ധനുമായ ബ്രെന്‍റ് റെനൗഡ് സഞ്ചരിച്ച വാഹനത്തിന് നേരെ റഷ്യൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു.
Also Read: ലെവീവില്‍ നിന്ന് 1,25,000 പേരെ 'സുരക്ഷിത ഇടനാഴി' വഴി ഒഴിപ്പിച്ചെന്ന് സെലന്‍സ്‌കി