കീവ് : ഖേഴ്‌സണില്‍ യുക്രൈന്‍ സൈന്യം റഷ്യന്‍ അധിനിവേശത്തിനെതിരെ ഇപ്പോഴും പൊരുതുകയാണെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. അതേസമയം യുക്രൈനിലെ തുറമുഖ നഗരമായ ഖേഴ്‌സണ്‍ തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് റഷ്യന്‍ സൈന്യവും അവകാശപ്പെട്ടു. റഷ്യന്‍സൈനികര്‍ നഗര ഭരണകേന്ദ്രത്തില്‍ എത്തിയതായി ഖേഴ്‌സണ്‍ മേയര്‍ ഇഗോര്‍ കൊളിക്കേവ് അറിയിച്ചു.
സാധാരണക്കാര്‍ക്ക് നേരെ വെടിവയ്ക്കരുതെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ റോഡില്‍ നിന്ന് മാറ്റാന്‍ അനുവദിക്കണമെന്നും റഷ്യന്‍ സൈന്യത്തോട് ആവശ്യപ്പെട്ടെന്നും മേയര്‍ പറഞ്ഞു. മൂന്ന് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഖേഴ്‌സണ്‍ ഭൂമി ശാസ്ത്രപരമായി തന്ത്രപരമായ സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്.
കരിങ്കടലിലേക്ക് ഒഴുകുന്ന നീപ്പ നദിക്കരയിലാണ് നഗരം. കരിങ്കടലില്‍ സ്ഥിതിചെയ്യുന്ന ക്രീമിയ ഉപദ്വീപിലേക്കുള്ള കനാല്‍ ജലസേചനം പുനസ്ഥാപിക്കാന്‍ റഷ്യയ്ക്ക് സാധിക്കും. 2014ല്‍ റഷ്യ ക്രീമിയ പിടിച്ചടക്കിയതിന് ശേഷം യുക്രൈന്‍ ഇവിടേക്കുള്ള ജലസേചനം തടഞ്ഞ് ഡാം പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യം ഇത് ആക്രമിച്ച് തകര്‍ത്തിട്ടുണ്ട്.
ALSO READ: അയയാതെ റഷ്യ ; യുദ്ധക്കെടുതിയിൽ യുക്രൈൻ
റഷ്യന്‍ അധിനിവേശം തുടങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചതന്നെ റഷ്യ ഖേഴ്‌സണ്‍ പിടിച്ചടക്കാനുള്ള പോരാട്ടം ആരംഭിച്ചതാണ്. അടുത്ത ദിവസം തന്നെ നഗരത്തെ ഖേഴ്‌സണ്‍ പടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിയന്ത്രണം റഷ്യന്‍ സൈന്യം സ്വന്തമാക്കി. അതേസമയം 12,000ത്തോളം സൈനികരെക്കൂടി യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളില്‍ ഉടനെ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ നാറ്റോ സൈനിക വിന്യാസം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2013മുതല്‍ യുക്രൈനില്‍ നടന്ന യുദ്ധകുറ്റകൃത്യങ്ങള്‍ എന്ന് ആരോപണ വിധേയമായ സംഭവങ്ങള്‍ അന്വേഷിക്കും. റഷ്യ യുക്രൈനില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ഉണ്ടോ എന്നുള്ളതും അന്വേഷണത്തിന്‍റെ പരിധിയില്‍ വരും. 39 അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ കരീംഖാന്‍ പറഞ്ഞു.