സൂറിച്ച്: ഫിഫയുടെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം (ഫിഫ ദി ബെസ്റ്റ്) തുടര്‍ച്ചയായ രണ്ടാം തവണയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. ലയണല്‍ മെസി, മുഹമ്മദ് സല എന്നിവരെ മറികടന്നാണ് ബയേണിന്‍റെ ഗോളടിയന്ത്രം പുരസ്കാരം നിലനിര്‍ത്തിയത്.
ഇതോടെ രണ്ട് തവണ പുരസ്‌ക്കാരം നേടിയ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പമെത്താനും 33കാരനായ പോളിഷ് സൂപ്പര്‍ താരത്തിനായി.
മികച്ച വനിത താരത്തിനുള്ള പുരസ്‌ക്കാരം ബാഴ്‌സലോണ ക്യാപ്റ്റന്‍ അലക്‌സിയ പുട്ടെല്ലസ് സ്വന്തമാക്കി. ബാഴ്‌സയുടെ തന്നെ ജെനിഫര്‍ ഹോര്‍മോസോ, ചെല്‍സിയുടെ സാം കെര്‍ എന്നിവരെയാണ് 27കാരിയായ പുട്ടെല്ലസ് മറികടന്നത്.
ചെൽസിയുടെ എഡ്വേർഡ് മെൻഡി മികച്ച പുരുഷ ഗോൾ കീപ്പറും, ക്രിസ്റ്റീൻ എൻഡ്ലര്‍ മികച്ച വനിതാ ഗോൾ കീപ്പറുമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിശീലകര്‍ക്കുള്ള പുരസ്‌ക്കാരവും പുരുഷ-വനിത വിഭാഗങ്ങളില്‍ ചെല്‍സിക്ക് തന്നെയാണ്. പുരുഷ ടീം പരിശീലകനായി തോമസ് ട്യൂഷ്യലും, വനിത പരിശീലകയായി എമ്മ ഹെയ്‌സു തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി.
യൂറോ കപ്പിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞ് വീണ ഡാനിഷ് ഫുട്‌ബോളര്‍ ക്രിസ്റ്റ്യൻ എറിക്സണെ പരിചരിച്ച ഡെൻമാർക്കിന്‍റെ മെഡിക്കൽ സ്റ്റാഫും കളിക്കാരുമാണ് ഫെയർ-പ്ലേ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.