ജനീവ: യൂറോപ്പിലെ കൊവിഡ് രോഗികൾ വീണ്ടും ഉയരുന്നുവെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഒരാഴ്‌ചക്കുള്ളിൽ 927,000ത്തിലധികം പേർക്ക് രോഗബാധയുണ്ടായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്പിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായെന്നും ലോകത്തെ പുതിയ കൊവിഡ് കേസുകളിലെ 38 ശതമാനമാണിതെന്നും യുഎൻ ആരോഗ്യ ഏജൻസി അറിയിച്ചു.
യൂറോപ്പിലെ പകുതിയോളം കൊവിഡ് കേസുകളും റഷ്യ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഭൂഖണ്ഡത്തിലെ കൊവിഡ് മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞയാഴ്‌ചയിലെ കൊവിഡ് കേസുകളിൽ നിന്ന് മൂന്നിലൊന്നിന്‍റെ വർധനവാണ് സംഭവിച്ചതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. സ്ലോവേനിയയിൽ കൊവിഡ് കേസുകളിൽ 150 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഇവിടെ 4,890 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.