കീവ്: പാശ്ചാത്യ സൈനിക സംഖ്യമായ നാറ്റോ യുക്രൈനില്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ പൗരന്‍മാര്‍ പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയില്‍ മാര്‍ച്ച് നടത്തും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് പോളണ്ട് സന്ദര്‍ശിക്കുന്ന വേളയിലായിരിക്കും മാര്‍ച്ച് നടത്തുക. വാര്‍സോയിലെ മാര്‍സാല്‍ഖാസ്ക്കി തെരുവിലാണ് മാര്‍ച്ച് നടക്കുക.
നാറ്റോ യുക്രൈനില്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈനിയന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടതാണ്. എന്നാല്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കുന്നത് നാറ്റോ റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കുന്നതിലേക്ക് നയിക്കുമെന്നുള്ള കാരണത്താല്‍ യുഎസ് സെലന്‍സ്‌കിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. യുക്രൈനില്‍ കടക്കുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നാറ്റോ വെടിവെച്ചിടുക എന്നതാണ് നോഫ്ലൈസോണ്‍ പ്രഖ്യപിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത്.
യുക്രൈന്‍ പൗരന്‍മാരുടെ മാര്‍ച്ചിന്‍റെ മറ്റൊരാവശ്യം അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനിന് യുദ്ധ വിമാനങ്ങള്‍ നല്‍കുക എന്നതാണ്. നാറ്റോ യുക്രൈന് മിഗ് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം പോളണ്ട് മുന്നോട്ട്‌വച്ചിരുന്നു. എന്നാല്‍ മിഗ് വിമാനങ്ങള്‍ നല്‍കിയാല്‍, യുദ്ധം കൂടുതല്‍ വിപുലമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിര്‍ദേശം യുഎസ് തള്ളിയിരുന്നു.
നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ബൈഡന്‍റെ യുറോപ്യന്‍ സന്ദര്‍ശനത്തില്‍ പോളണ്ടിനെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ യുക്രൈനിനെ എങ്ങനെ സഹായിക്കാം എന്നുള്ളതാണ് പോളണ്ട് സന്ദര്‍ശനത്തില്‍ ബൈഡന്‍ പ്രധാനമായും ചര്‍ച്ചചെയ്യുക എന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി . പോളണ്ട് പ്രസിഡന്‍റ് ആന്‍ഡ്രേ ഡൂഡയുമായി ജോ ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.
നാറ്റോ യുക്രൈനില്‍ സഹായമെത്തിക്കുന്ന കാര്യത്തില്‍ യുക്രൈനിന്‍റെ ആയല്‍ രാജ്യമായ പോളണ്ടിന് വലിയ പ്രാധാന്യമാണ് ഉള്ളത്. കൂടുതല്‍ സക്രിയമായ ഇടപെടല്‍ നാറ്റോ യുക്രൈനില്‍ നടത്തണമെന്നാവശ്യപ്പെടുന്ന നാറ്റോ അംഗരാജ്യമാണ് പോളണ്ട്. യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ ആക്രമണം സിവിലിയന്‍മാര്‍ക്ക് നേരെ തിരിയുകയാണെന്ന് യുക്രൈന്‍ ആരോപിക്കുന്നു.
ALSO READ: 'യുക്രൈൻ നടത്തുന്നത് ശക്തമായ ചെറുത്തുനില്‍പ്പ്', 15000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് നാറ്റോ