ജനീവ: ചൈനയിലെ വുഹാനിലുള്ള കൊവിഡ് ഉറവിടാന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനം സ്വതന്ത്രമെന്ന് ലോകാരോഗ്യ സംഘടന. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സിലാണ് ഡബ്ല്യൂഎച്ച്‌ഒ ഡയറക്‌ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദനാം ഗബ്രിയേസസ് ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ധൂരീകരിച്ചത്. ഇത് ലോകാരോഗ്യ സംഘടനയുടെ പഠനമാണെന്ന് നിരവധി തവണയായി കേള്‍ക്കുന്നുവെന്നും വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വുഹാനിലുള്ളത് 10 സ്ഥാപനങ്ങളില്‍ നിന്നുള്ള വ്യക്തികളുള്‍പ്പെടുന്ന സ്വതന്ത്ര പഠനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘത്തിലുള്‍പ്പെടുന്ന 17 ഗവേഷകരും ചൈനയുടെ ഭാഗത്ത് നിന്നുള്ള 17 പേരും യോജിച്ച് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് തിങ്കളാഴ്‌ച നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ വുഹാനിലുള്ള പഠന സംഘത്തിന്‍റെ തലവന്‍ ഡോ. പീറ്റര്‍ ബെന്‍ എംബാര്‍ക് വ്യക്തമാക്കിയിരുന്നു. ഭാവിയിലുള്ള പഠനത്തിന് ആവശ്യമായ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വൈറസിന്‍റെ ഉറവിടം മനസിലാക്കാനായി ഇനിയും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.