ന്യൂഡൽഹി: വ്യവസായി മെഹുൽ ചോക്‌സിയുടെ അഭിഭാഷകൻ മൈക്കൽ പോളക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സോളിസിറ്റേഴ്‌സ് റെഗുലേഷൻ അതോറിറ്റി (എസ്‌ആർഎ). ചോക്‌സിയെ തട്ടിക്കൊണ്ടുപോയെന്ന പോളക്കിൻ്റെ ആരോപണത്തിൽ തെളിവുകളില്ലെന്ന കണ്ടെത്തലിലാണ് എസ്‌ആർഎ.
യുകെ നിയമ പ്രകാരമുള്ള നിബന്ധനകൾ മെഹുൽ ചോക്‌സിയുടെ അഭിഭാഷകൻ സ്വീകരിച്ചില്ലെന്നും മെഹുൽ ചോക്‌സിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ അഭിഭാഷകന് കഴിഞ്ഞില്ലെന്നും എസ്‌ആർഎ പറയുന്നു. എഎംഎൽ (കള്ളപ്പണം വെളുപ്പിക്കൽ) കേസ് സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചില്ലെന്നുള്ള കണ്ടെത്തലിലാണ് സോളിസിറ്റേഴ്‌സ് റെഗുലേഷൻ അതോറിറ്റി.
അന്വേഷണം ആരംഭിക്കാനൊരുങ്ങി എസ്‌ആർഎ
നിലവിൽ ഡൊമിനിക്കയിൽ അറസ്റ്റിലായ ബില്യൺ ഡോളർ തട്ടിപ്പുകാരനായ ചോക്‌സിക്കെതിരെയും കെവൈസി, എഎംഎൽ ഫണ്ടുകളുടെ ഉറവിടം, പേയ്‌മെൻ്റ് ഗേറ്റ്‌വേ എന്നിവ സംബന്ധിച്ചും അന്വേഷണം ആരംഭിക്കുമെന്ന് എസ്‌ആർഎ അറിയിച്ചു.
കൃത്യമായി തെളിവുകളില്ലാതെയുള്ള മൈക്കൽ പോളക്കിൻ്റെ പരാമർശങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകാനാണ് സാധ്യത. തെളിവുകൾ കെട്ടിച്ചമക്കുകയും നിരവധി പേരെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തതായയും ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Read more: ബാങ്കുകളിൽ അടയ്ക്കാനുള്ള തുകയെക്കാൾ കൂടുതൽ ഇഡി കണ്ടുകെട്ടിയതായി ചോക്‌സിയുടെ അഭിഭാഷകൻ
നിലവിൽ വിചാരണ നേരിടുന്ന മെഹുൽ ചോക്‌സിയെ മെയ് 23ന് ആൻ്റിഗ്വയിൽ നിന്ന് കാണാതാവുകയും തുടർന്ന് ഡൊമിനിക്കയിൽ നിന്ന് പിടിക്കപ്പെടുകയും ചെയ്‌തിരുന്നു. ഡൊമിനിക്കയിലേക്ക് അനധികൃതമായി കടന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിവാദമായത് പോളക്കിൻ്റെ പ്രസ്‌താവന
മെഹുല്‍ ചോക്‌സിയെ ആൻ്റിഗ്വയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇന്ത്യയെന്ന് യുകെ അഭിഭാഷകന്‍ മൈക്കല്‍ പോളക്ക് പറഞ്ഞിരുന്നു. ഡോമിനിക്കയിലേക്ക് ചോക്‌സിയെ നിയമവിരുദ്ധമായാണ് തട്ടിക്കൊണ്ട് പോയതെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവാദ പെണ്‍ സുഹൃത്ത് ബാര്‍ബറ ജറാബിക്കക്കെതിരെയും അഭിഭാഷകന്‍ ആരോപണം ഉന്നയിച്ചിരുന്നു.
പെണ്‍ സുഹൃത്ത് തൻ്റെ പരിചയക്കാരൻ്റെ സഹായത്തോടെ ചോക്‌സിയെ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹത്തെ വീൽചെയറിൽ കെട്ടിയിട്ടതായും മൈക്കൽ പോളക്ക് പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഒരു ബോട്ട് ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എസ്‌ആർഎ രംഗത്തെത്തിയത്.
Read more: പ്രീതി ചോക്സിയുടെ പങ്കിന് തെളിവ്,വായ്‌പ തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കും
ആൻ്റിഗ്വയിലെയും ഡൊമിനിക്കയിലെയും നിയമനടപടികളെ മറികടന്ന് ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. ചോക്‌സിയെ തട്ടിക്കൊണ്ട് പേകാൻ ഉപയോഗിച്ച ബോട്ടിൽ ഇന്ത്യൻ വംശജരായ ഏതാനും പുരുഷന്മാർ ഉണ്ടായിരുന്നു. സുഹൃത്ത് ബാർബറ ജറാബിക്കിനെ കാണാൻ പോയ ചോക്‌സിയെ ഒരു സംഘം ആക്രമിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും അഭിഭാഷകൻ ആരോപിച്ചു.
ദ്വീപിൻ്റെ പൗരത്വമുണ്ടെന്ന് വാദം
അതേസമയം അനധികൃതമായി ദ്വീപിൽ കടക്കാൻ ശ്രമിച്ചതിന് മെഹുൽ ചോക്‌സിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ 2018 ൽ ദ്വീപിൻ്റെ പൗരത്വം നേടിയെന്നാണ് മെഹുൽ ചോക്‌സിയുടെ വാദം.
അതേസമയം ചോക്‌സി ഒരു ഇന്ത്യൻ പൗരനാണെന്നും 1955 ലെ പൗരത്വ നിയമപ്രകാരം അദ്ദേഹത്തിന് ദ്വീപിലെ പൗരത്വം ഇല്ലെന്നും ഡോമിനിക്ക ഭരണകൂടം പറയുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ 13,500 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ അന്വേഷണം നടക്കുന്നത്.
രണ്ട് ദിവസത്തിന് മുൻപ് ബാങ്ക് വായ്‌പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ അന്വേഷണ സംഘം കണ്ടുകെട്ടിയിരുന്നു. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറുകയും ചെയ്‌തു.
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്‌ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിൻ്റെ മൂല്യം. വായ്‌പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്.