'ആറ് വയസുകാരന്' സർക്കാർ ജോലി കിട്ടുന്നത് സ്വപ്‌നം കാണാൻ സാധിക്കുമോ. അധികം ആലോചിക്കേണ്ട, നടന്ന സംഭവമാണ് പറഞ്ഞുവരുന്നത്. ജോലി കണ്ട ലോക്കൽ സെറ്റപ്പിലൊന്നുമല്ല. റെയിൽവേ സ്റ്റേഷനിലാണ്. ജോർജ് എന്നാണ് ഈ ആറ് വയസുകാരന്‍റെ പേര്. റെയിൽവേ സ്റ്റേഷനിലെ പണിയാകട്ടെ എലിയെ പിടിക്കലും.
ആൾ ഒരു പൂച്ചയാണ്. ചില്ലറ പൂച്ചയൊന്നുമല്ല. ജോർജ്, ഒരു ഒന്നൊന്നര പൂച്ചയാണ്. ട്വിറ്ററിൽ ജോർജിന് കാൽ ലക്ഷത്തോളം ഫോളോവേഴ്‌സ് അടക്കമുണ്ട്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ജൂലൈ ആറിന് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍റ് സ്റ്റോർബ്രിഡ്‌ജ് ജങ്ഷൻ സ്റ്റേഷൻ അധികൃതർ ചീഫ് മൗസ് ക്യാച്ചർ പദവി കൽപ്പിച്ച് നൽകിയത്.
പേരിനൊരു പദവിയല്ല ചീഫ് മൗസ് ക്യാച്ചർ എന്നത്. മറ്റ് ഉദ്യോഗസ്ഥരെ പോലെതന്നെ സ്വന്തം ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ് അടക്കമുണ്ട്. തന്‍റെ സൗന്ദര്യം ഇടയ്ക്കിടെ അവൻ ഐഡി കാർഡ് നോക്കി ആസ്വദിക്കാറുമുണ്ട്.
എന്നാൽ അധികം സമയമൊന്നുമില്ല ജോർജിന് ചുമ്മാ കളയാൻ. ആൾ ജോലിയിൽ പ്രവേശിച്ചാൽ അത്യാവശ്യം സ്ട്രിക്‌ട് തന്നെയാണ്. അവന്‍റെ നിഴൽ കണ്ടാൽ മതി എലികൾ നാടുവിടും.
Also Read: പൊളാരിസ് ഡിഫൻസ് കിറ്റ് 300 ; ഇസ്രയേൽ സൈന്യത്തിന്‍റെ 'കവചകുണ്ഡലം'
കഴിഞ്ഞ മൂന്ന് വർഷമായി വെസ്റ്റ് മിഡ്‌ലാന്‍റ് സ്റ്റോർബ്രിഡ്‌ജ് ജങ്ഷൻ സ്റ്റേഷനിൽ താമസിച്ചുവരികയാണ് ജോർജ്. എലികളെ ഓടിച്ചിട്ട് പിടിക്കാനുള്ള തന്‍റെ കഴിവ് അവൻ ഈ മൂന്ന് വർഷം കൊണ്ട് റെയിൽവേ അധികൃതരെ ബോധിപ്പിച്ചതുമാണ്. അങ്ങനെയാണ് ജോർജിന് ചീഫ് മൗസ് ക്യാച്ചറിന്‍റെ ഔദ്യോഗിക പദവി ചാർത്തിക്കൊടുക്കുന്നത്.
ജോലി ചെയ്‌ത് ക്ഷീണിക്കുമ്പോൾ അവനായി സ്വാദേറിയ ഭക്ഷണവും റെയിൽവേ അധികൃതർ ഒരുക്കിയിട്ടുണ്ടാകും. വയറുനിറയെ ശാപ്പാടുമടിച്ച് ജോർജ് തന്‍റെ സ്വന്തം കിടക്കയിൽ പള്ളിയുറക്കമാരംഭിക്കും.
ലോകമെമ്പാടും ആരാധകരുണ്ട് ജോർജിന്. ദിവസവും ദൂരസ്ഥലങ്ങളിൽ നിന്നും ഇതര രാജ്യങ്ങളിൽ നിന്ന് പോലും ജോർജിനെ തേടി സമ്മാനങ്ങൾ എത്താറുണ്ട്. സ്റ്റേഷനിലെത്തുന്നവർ ആദ്യം അന്വേഷിക്കുന്നതും ചീഫ് മൗസ് ക്യാച്ചറെ തന്നെ.
Also Read: ചൊവ്വയിൽ മാർസ് റോവർ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരി വന്ദി വർമ ; അവിശ്വസനീയമെന്ന് പ്രതികരണം
നിലവിൽ ജോർജിന്‍റെ പേരിൽ എത്തുന്ന പണം ചാരിറ്റിക്കാണ് ഉപയോഗിച്ച് വരുന്നത്. പ്രശസ്‌തിയുടെ കഥയ്ക്ക് അവിടെയും അവസാനമില്ല. ഒരു പ്രാദേശിക മദ്യശാല ജോർജിന്‍റെ പേരിൽ ഒരു ബിയറും വിളമ്പുന്നുണ്ട്. 'ജോർജ് റിയൽ ബിയർ' എന്നാണ് ബിയറിന്‍റെ പേര്. ജോർജിന്‍റെ പേരിലുള്ള ബിയർ ആയതിനാൽ തന്നെ നല്ല വിറ്റുവരവുമാണ്.
വയർ എത്ര നിറഞ്ഞാലും ഉറക്കം എത്ര രാജകീയമായാലും എല്ലാ ദിവസവും എലിയെ തേടിയുള്ള ജോർജിന്‍റെ കറക്കത്തിന് ഒരു കുറവും വരാറില്ല. ജോലിയോട് നല്ല രീതിയിൽ തന്നെ കൂറ് പുലർത്തുന്ന ചുരുക്കം ചില സർക്കാർ ഉദ്യോഗസ്ഥരിൽ ഒരാൾ തന്നെയാണ് ജോർജ് എന്ന് നമുക്ക് ഉറപ്പിച്ചുപറയാം.