ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ശനിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് പുതിയ കരാറിന് അംഗീകാരം നല്‍കും.
ബോറിസ് ജോണ്‍സനും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെരേസ മേയേക്കാള്‍ മോശമായ കരാറിലാണ് ബോറിസ് ജോണ്‍സണ്‍ ഏര്‍പ്പെടുന്നതെന്നും എം.പിമാര്‍ ഇതിനെ എതിര്‍ക്കണമെന്നും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. പുതിയ കരാറിലെ നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷയെ തകരാറിലാക്കും. കൂടാതെ, ബ്രിട്ടന്‍റെ സൗജന്യ ആരോഗ്യ സംവിധാനം സ്വകാര്യ യു.എസ് കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നതിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിബറല്‍ ഡെമോക്രാറ്റ് നേതൃത്വവും, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും പുതിയ ധാരണക്കെതിരെ പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയിൽ അധികാരമേറ്റ ബോറിസ് ജോണ്‍സന്‍ ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.