ലണ്ടൻ: പാർലമെന്‍റ് സസ്പെൻഡ് ചെയ്‌ത് പൊതുതെരഞ്ഞടുപ്പിലേക്ക് നീങ്ങാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അഞ്ച് ആഴ്‌ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്‌താൽ ഇതിനുള്ള സാധ്യതയാകും. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ എന്തു വില കൊടുത്തും എതിർക്കുമെന്നും ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ താക്കീത് നൽകി.
നിലവിൽ കരാറില്ലാതെ ബ്രെക്‌സിറ്റ് പൂർത്തിയാക്കുന്നത് തടയാനാണ് ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിന് തെരഞ്ഞെടുപ്പ് നേരത്തെയാക്കുക എന്ന തന്ത്രമാണ് ബോറിസ് ജോൺസൺ പ്രയോഗിക്കുന്നതെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പാർട്ടിയുടെ നിർദേശം നേരത്തെ പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിക്ക് 434 വോട്ടുകൾ വേണ്ടിടത്ത് 298 വോട്ടുകൾ മാത്രമാണ് നേടാനായത്. എന്നാൽ വീണ്ടും തന്‍റെ ആവശ്യം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ് ബോറിസ് ജോൺസൺ.