മാഞ്ചസ്റ്റര്‍: യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയുന്നതിനുള്ള ബ്രെക്സിറ്റ് കരാറില്‍ പുതിയ നിർദേശങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച കരാർ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചില്ലെങ്കിൽ കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോൺസൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈയിൽ അധികാരമേറ്റ ജോൺസണ്‍ കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ 31നകം ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.
ജോൺസന്റെ മുൻഗാമി തെരേസ മേയുടെ കരാർ നിർദേശങ്ങൾ ബ്രിട്ടീഷ് പാർലമെന്‍റ് മൂന്ന് വട്ടം തള്ളിയിരുന്നു. പുതിയ കരാറിന് ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അംഗീകാരം നേടുക എളുപ്പമല്ല. ജോൺസന്റെ നിർദേശങ്ങൾ പ്രശ്നപരിഹാരത്തിന് ഉതകുമെന്ന് കരുതുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ മുഖ്യ കൂടിയാലോചകൻ ഫിലിപ് ലാംബെർട്ട്സ് പറഞ്ഞു.