ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മികച്ച മുന്നേറ്റം നടത്തി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക മുന്‍തൂക്കം. ആംഗല മെര്‍ക്കലിന്‍റെ പിന്‍ഗാമിയായി അധികാരത്തിലെത്തിയ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തല്‍സ്ഥാനത്ത് തുടരാനുള്ള സാധ്യതകളാണ് തെളിയുന്നത്.
നിലവില്‍ ഫലം വന്ന 390 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 211 സീറ്റുകളും, ജെറമി കോര്‍ബിന്‍റെ നേതൃത്വത്തിലുള്ള പ്രധാനപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 139 സീറ്റുകളും നേടിയിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്‍റായ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 326 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷത്തിലെത്താം.
പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ബ്രക്‌സിറ്റിന്‍റെ ഭാവി കൂടി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് രാജ്യത്ത് പുരോഗമിക്കുന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് പുറത്തുപോകണമെന്ന നിലപാടുള്ള ബോറിസ് ജോണ്‍സണും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വിജയത്തിലേക്കെത്തുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പ്രകാരം 2020 ജനുവരി 31ന് ബ്രക്‌സിറ്റ് നടപ്പാക്കും. ലേബർ പാർട്ടി വിജയിച്ചാൽ ബ്രെക്‌സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധന നടത്തുമെന്ന് ജെറമി കോർബിന്‍ വാഗ്ദാനം നൽകിയിരുന്നു.
തോല്‍വി ഏകദേശം ഉറുപ്പായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വ സ്ഥാനം രാജിവയ്‌ക്കുമെന്ന് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ജൂണിൽ നടന്ന ഹിതപരിശോധനയിൽ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ തീരുമാനമായതാണെങ്കിലും കരാര്‍ പാസാക്കിയെടുക്കാന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. അതിന്‍റെ ഭാഗമായാണ് ആംഗല മെര്‍ക്കല്‍ രാജിവച്ചതും. ഹിതപരിശോദനയ്‌ക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പാണിത്.
ബ്രിട്ടണ്‍ കൂടാതെ സ്‌കോട്ട്‌ലന്‍റ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി നാലായിരത്തിലധികം കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കൺസർവേറ്റീവ് പാർട്ടിയെയും ലേബർ പാർട്ടിയെയും കൂടാതെ യൂറോപ്യൻ അനുകൂല പാർട്ടിയായ സെൻട്രലിസ്റ്റ് ലിബറൽ ഡെമോക്രാറ്റ്‌സ്, നികോള സ്റ്റർജൻ നേതൃത്വം നൽകുന്ന സ്‌കോട്ടിഷ് നാഷണൽ പാർട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എന്നിവയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് പാർട്ടികൾ.