ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 'മൈത്രി' സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സാംസ്‌ക്കാരിക-വിദ്യാഭ്യാസ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നടപടി.
ഓസ്‌ട്രേലിന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നതിന് മൈത്രി സ്‌കോളര്‍ഷിപ്പിന് കീഴില്‍ 11 മില്യണ്‍ ഡോളറാണ് ഓസ്‌ട്രേലിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വ്യാപാര-നിക്ഷേപ മേഖലയില്‍ വലിയ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. കൊവിഡാനന്തരം ഓസ്‌ട്രേസിയയിലെ വിദ്യാഭ്യാസ മേഖലയെ തിരുച്ചു കൊണ്ടുവരുന്നതില്‍ മൈത്രി സ്‌കോളര്‍ഷിപ്പ് സഹായകരമാകുമെന്നാണ് വിലയിരുത്തലെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌ന്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്‍റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
'മൈത്രി' എന്ന വാക്കിന്‍റെ അര്‍ഥം സൗഹൃദമെന്നാണ്, ഈ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുമെന്നും പെയ്‌ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓസ്‌ട്രേലിയല്‍ പഠനത്തിനായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി പഠന ചെലവിനെ കുറിച്ച് ആലോചിക്കേണ്ടി വരില്ല. 'മൈത്രി' സ്‌കോളര്‍ഷിപ്പിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുമെന്ന് ഓസ്‌ട്രേലിയ വാണിജ്യ-ടൂറിസം മന്ത്രി ഡാന്‍ ടെഹാന്‍ വ്യക്തമാക്കി. സ്‌കോളര്‍ഷിപ്പ് പരിപാടിയിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുക്കും. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-വിദ്യാഭ്യാസ ബന്ധം വര്‍ധിക്കുമെന്നും ടെഹാന്‍ പറഞ്ഞു.
Also Read: റഷ്യ -യുക്രൈൻ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു: പോളണ്ടില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാൻ യു.എസ്
മൈത്രി സ്‌കോളര്‍ഷിപ്പിലൂടെ റോഡ്‌സ്, ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകൾക്ക് തുല്യമായ സ്റ്റൈപ്പൻഡ് ലഭിക്കും. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സംരംഭങ്ങള്‍ തുടര്‍ന്നും പ്രഖ്യാപിക്കുമെന്ന് ടെഹാന്‍ വ്യക്തമാക്കി.