അങ്കാറ: കൊവിഡ് 19നെത്തുടര്‍ന്ന് ഞായറാഴ്ച മാത്രം തുര്‍ക്കിയിൽ 73 പേര്‍ മരിച്ചു. 3135 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27069 ആയി. കണക്കുകൾ പ്രകാരം ഇതുവരെ 1042 രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. 1381 പേര്‍ നിലവിൽ ഐസിയുവിൽ കഴിയുകയാണ്. ഞായറാഴ്ച മാത്രം 20,065 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 181,445 ആയി.
കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 ലോകമെമ്പാടുമുള്ള 183 രാജ്യങ്ങളിലേക്കും വ്യാപിച്ചു, നിലവിൽ കൊവിഡിന്‍റെ പ്രഭവകേന്ദ്രം യൂറോപ്പാണ്. യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം 67,200 ൽ അധികം ആളുകൾ മരിക്കുകയും 1.2 ദശലക്ഷത്തിലധികം ആളുകളെ വൈറസ് ബാധിക്കുകയും ചെയ്തു. 253,000 പേരാണ് രോഗ മുക്തി നേടിയത്.