ലണ്ടന്‍: എസെക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് 39 ചൈനീസ് പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. അയര്‍ലന്‍റുകാരനായ 48കാരന്‍ ഇംഗണ്ടിലെ സ്റ്റാന്‍സെറ്റഡ് വിമാനത്താവളത്തില്‍ നിന്നുമാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നരഹത്യ, ഗൂഢാലോചന എന്നീ കേസുകള്‍ ചുമത്തിയാണ് ബ്രിട്ടീഷ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇതേ കേസില്‍ വെസ്റ്റ് ഇംഗ്ലണ്ടിലെ വാഷിങ്ടണിൽ താമസിക്കുന്ന ഒരു പുരുഷനും സ്ത്രീയും അറസ്റ്റിലായിരുന്നു.
അതേസമയം മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗ്രേയ്സിലെ ഈസ്റ്റേണ്‍ അവന്യൂവിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിൽ നിന്ന് 39 മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മകളെ കാണാനില്ലെന്ന പരാതിയുമായി വിയറ്റ്നാമില്‍ നിന്നും ഒരു കുടുംബം ലണ്ടനിലെ വിയറ്റ്നാമീസ് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ടെയ്നർ ബെൽജിയം തുറമുഖമായ സീബ്രഗ്ഗിൽ നിന്നുള്ളതായതിനാല്‍ ചൈനീസ് അധികൃതര്‍ ബെൽജിയം പൊലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.