ഏഥന്‍സ് (ഗ്രീസ്): വടക്കന്‍ ഗ്രീസില്‍ ശീതികരിച്ച ട്രക്കില്‍ നിന്ന് 41 പേരെ ജീവനോടെ പൊലീസ് കണ്ടെത്തി. ട്രക്കിലുണ്ടായിരുന്നവരില്‍ അധികവും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. ജോര്‍ജിയ സ്വദേശിയായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്കും പരിക്കുകളില്ല. അവശതയിലായിരുന്ന ഏഴുപേര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. സാന്തി-കൊമാട്ടിനി ഹൈവേയിലെ എഗാന്തിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം എക്സസില്‍ ശീതികരിച്ച കണ്ടെയ്നര്‍ ലോറിക്കുള്ളില്‍ നിന്ന് വിയറ്റ്നാമില്‍ നിന്നുള്ളവരുടെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും മനുഷ്യകടത്തിന്‍റെ ഇരകളെ കണ്ടെത്തുന്നത്. 2015 മുതല്‍ കടുത്ത കുടിയേറ്റ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ഗ്രീസ്. ഇതുവരെ പത്തുലക്ഷത്തിലധികം പേര്‍ തുര്‍ക്കിയില്‍ നിന്നും ഗ്രീസ് വഴി യൂറോപ്പിലേക്ക് കുടിയേറിയെന്നാണ് കണക്കുകള്‍.