ജനീവ: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിൽ നിന്ന് 368,000 അഭയാർഥികൾ ഇതിനകം തന്നെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു. യുദ്ധം കനത്ത നാശനഷ്‌ടം വിതയ്‌ക്കുന്ന ഈ സാഹചര്യത്തിൽ പലായനം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും ഏജൻസി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം കുറഞ്ഞത് 150,000 യുക്രൈൻ സ്വദേശികളെങ്കിലും പോളണ്ട്, ഹംഗറി, റൊമാനിയ എന്നീ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായും യുഎൻ ഹൈക്കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം യുക്രേനിയർ പോളിഷ്-യുക്രൈൻ അതിർത്തി കടന്നതായി പോളണ്ട് സർക്കാരും വ്യക്‌തമാക്കിയിട്ടുണ്ട്.
ALSO READ: റഷ്യൻ സേന ഖാര്‍കിവിൽ ; ജനം പുറത്തിറങ്ങരുതെന്ന് നിർദേശം
അതേസമയം പോളണ്ട്- യുക്രൈൻ അതിർത്തിയിൽ കാറുകളുടെ നിര 14 കിലോമീറ്ററിലധികം നീണ്ടുവെന്നും സ്‌ത്രീകളും കുട്ടികളുമാണ് പലായനം ചെയ്യുന്നതിൽ അധികമെന്നും വക്താവ് ക്രിസ് മെയ്‌സർ ട്വിറ്ററിലൂടെ പറഞ്ഞു. തണുത്തുറഞ്ഞ കാലാവസ്ഥയിൽ മണിക്കൂറികളോളമാണ് ഇവർ അതിർത്തി കടക്കാനായി കാത്തിരിക്കുന്നതെന്നും മെയ്‌സർ കൂട്ടിച്ചേർത്തു.